കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസിൽ എം.സി. കമറുദ്ദീൻ എംഎൽഎയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ശേഷം കോവിഡ് പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലെത്തിച്ചു. കാസർകോട് എസ്‌പി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. കമറുദ്ദീനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് എഎസ്പി വിവേക് കുമാർ അറിയിച്ചു. 77 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചന്ദേര പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇപ്പോൾ അറസ്റ്റ്. ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ ചുമത്തി. ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങളെയും അറസ്റ്റു ചെയ്തേക്കുമെന്ന് സൂചന. പൂക്കോയ തങ്ങളെ എസ്പി ഓഫിസിലേക്കു വിളിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗമാണ് പൂക്കോയ തങ്ങൾ.
15 കോടിയുടെ തട്ടിപ്പു നടന്നതിനു തെളിവ് കിട്ടിയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എംഎല്‍എയെ 5 മണിക്കൂറായി കാസർകോട് എസ്പി ഓഫിസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയായിരുന്നു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 115 എഫ്ഐആറുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
തൃക്കരിപ്പൂർ ചന്തേര പൊലീസ് സ്റ്റേഷൻ, പയ്യന്നൂർ െപാലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായാണ് എംഎൽഎയ്ക്കെതിരെ പരാതി റജിസ്റ്റർ ചെയ്തിട്ടുള്ളത്. എംഎൽഎയ്ക്കെതിരെ പരാതി ഉയർന്ന് ഒരു വർഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്.
ഫാഷൻ ഗോൾഡിന്റെ ചെയർമാനാണ് മുസ്‌ലിം ലീഗ് നേതാവായ കമറുദ്ദീൻ. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൂക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
Leave a Comment