”അമ്മയെ ഒന്നു കണ്ടു വരൂ, എന്തെങ്കിലും വഴി കാണിച്ചു തരാതിരിക്കില്ല” ചോറ്റാനിക്കരമ്മയ്ക്ക് 526 കോടി നല്‍കിയ ഭക്തന്റെ കഥ ഇങ്ങനെ

കൊച്ചി: ”അമ്മയെ ഒന്നു കണ്ടു വരൂ, എന്തെങ്കിലും വഴി കാണിച്ചു തരാതിരിക്കില്ല” സാമ്പത്തിക നഷ്ടത്തില്‍ ജീവിതപ്രതീക്ഷ നഷ്ടമായ ഗണശ്രാവണിനോട് ചോറ്റാനിക്കര ദേവിയെ ഒന്നു കണ്ടുവരാന്‍ പറഞ്ഞത് ഒരു ഗുരുവാണ്. എങ്കില്‍ അങ്ങനെയെന്നു തീരുമാനിച്ചാണ് ആദ്യമായി ബെംഗളൂരുവില്‍ നിന്ന് ഗണശ്രാവണ്‍ (46) കൊച്ചിയിലേയ്ക്ക് പുറപ്പെട്ടത്. ചോറ്റാനിക്കരയിലെത്തി ആദ്യ ദേവീദര്‍ശനത്തില്‍ തന്നെ ജീവിതത്തിന്റെ പ്രകാശം മുന്നില്‍ തെളിഞ്ഞു. പിന്നെ എല്ലാ പൗര്‍ണമിയിലും അമ്മയെ തേടിയെത്തി. ആ അനുഗ്രഹത്തില്‍ ജീവിതം കരകയറിയതിന്റെ സന്തോഷത്തിലാണ് ക്ഷേത്ര പുനരുദ്ധാരണത്തിനായി 300 കോടി നല്‍കാന്‍ തീരുമാനിക്കുന്നത്. പിന്നീട് ക്ഷേത്രത്തിനു നല്‍കാമെന്നറിയിച്ച തുക അഞ്ഞൂറു കോടിയിലേറെയാക്കി (526 കോടി രൂപ) ഉയര്‍ത്താന്‍ തീരുമാനിച്ചു. ബെംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം.

`ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണമെന്നാല്‍ ആ നാടിന്റെ കൂടി ഉയര്‍ച്ചയാണ്. അതുകൊണ്ടു തന്നെ അവിടേയ്ക്കുള്ള വഴിയും പരിസര പ്രദേശവും ഉയര്‍ത്തപ്പെടേണ്ടതുണ്ട് എന്ന് നിര്‍ദേശിച്ചത് എട്ടു വര്‍ഷമായി ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്ന ആര്‍ക്കിടെക്ട് ബി.ആര്‍. അജിത്താണ്. കൊടുക്കാന്‍ ഉദ്ദേശിച്ച 300 കോടിക്കൊപ്പം ഒരു 200 കോടി കൂടെ ചെലവഴിച്ചാല്‍ ചോറ്റാനിക്കര ക്ഷേത്രനഗരം പദ്ധതി കൂടി നടപ്പാക്കാമെന്നായിരുന്നു നിര്‍ദേശം. ജാതിമത വ്യത്യാസമില്ലാതെ അതിന്റെ നേട്ടം നാടിനു ലഭിക്കുകയും ചെയ്യുമെന്ന് അഭിപ്രായപ്പെട്ടത് ഗണശ്രാവണ്‍ കേട്ടയുടനെ അംഗീകരിച്ചതായി അജിത് മ പറഞ്ഞു. അങ്ങനെയാണ് ക്ഷേത്രനഗരം പദ്ധതിക്കായി 526 കോടി രൂപ ചെലവഴിക്കാന്‍ ഗണശ്രാവണ്‍ തീരുമാനിച്ചത്. അമ്മയുടെ സന്നിധിയിലേയ്ക്ക് ലോകത്ത് എല്ലായിടത്തു നിന്നും ആളുകളെത്തി അനുഗ്രഹം പ്രാപിക്കണമെന്നാണ് ഈ ഭക്തന്റെ ആഗ്രഹം.

സാമ്പത്തികമായി അത്ര ഉയര്‍ന്ന നിലയിലുള്ള കുടുംബമായിരുന്നില്ല ഗണശ്രാവണിന്റേത്. പൂജയും പ്രാര്‍ഥനകളും തന്നെയായിരുന്നു ജീവിതം. ഇതിനിടെ സംഗീതത്തെ പ്രണയിച്ച് പഠനം പാതിവഴിക്കു മുടങ്ങി. മകനെ മെക്കാനിക്കല്‍ എന്‍ജിനീയറാക്കാനായിരുന്നു പിതാവിന്റെ ആഗ്രഹം. അത് സാധിച്ചില്ലെന്നു മാത്രമല്ല, പാതിവഴിയില്‍ പഠനവും നിര്‍ത്തി സംഗീതവഴി തേടി. ജീവിതം കരകയറുന്നില്ലെന്നു വന്നതോടെ സ്വര്‍ണ, വജ്ര ബിസിനസിലേയ്ക്ക് കടക്കാന്‍ ലഭിച്ച അവസരത്തിനായി ഒരുങ്ങി. വിദേശ കയറ്റുമതിയാണ് പ്രധാന ബിസിനസ്. ഇത് 2016 ലായിരുന്നു. പക്ഷെ കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ടു പോയില്ല. ഭീമമായ സാമ്പത്തിക തകര്‍ച്ചയിലുമായി

മരണം മാത്രമാണ് ഇനി മുന്നിലെന്ന് തീരുമാനിച്ച് വിഷമിച്ചു നടക്കുമ്പോഴാണ് തന്റെ ഗുരുവിനോട് കാര്യങ്ങള്‍ തുറന്നു പറയുന്നത്. അദ്ദേഹമാണ് ചോറ്റാനിക്കരയില്‍ പോയി അമ്മയെ തൊഴുത് ഒന്നു പ്രാര്‍ഥിച്ചു വരൂ എന്ന് ഉപദേശിച്ചത്. അത് ജീവിതത്തില്‍ വഴിത്തിരിവായെന്നു മാത്രമല്ല, ഉയര്‍ച്ചയുടെ പടവുകള്‍ മുന്നില്‍ തെളിഞ്ഞു വന്നു. ബിസിനസ് കോടികളില്‍ നിന്നു ശതകോടികളിലേയ്ക്കും അതിനു മുകളിലേയ്ക്കും ഉയര്‍ന്നു. ഇപ്പോള്‍ ഇന്ത്യയിലെ ഒരു മുന്‍നിര വജ്രാഭരണ കയറ്റുമതി കമ്പനി ഉടമയാണ് ഗണശ്രാവണ്‍.

ഒരു വര്‍ഷത്തോളമായി ക്ഷേത്ര വികസന പദ്ധതി ദേവസ്വം അധികൃതര്‍ക്കു മുന്നില്‍ ഗണശ്രാവണ്‍ അവതരിപ്പിച്ചിട്ട്. എല്ലാ മാസവും പൗര്‍ണമി നാളില്‍ ദര്‍ശനത്തിനെത്തുന്ന ഗണ ശ്രാവണ്‍ കഴിഞ്ഞ വര്‍ഷത്തെ നവരാത്രി ഉത്സവവേളയിലാണു ക്ഷേത്ര പുനരുദ്ധാരണത്തിനു തുക നല്‍കാന്‍ സന്നദ്ധതയുമായി ക്ഷേത്ര ഭാരവാഹികളെ സമീപിച്ചത്. ക്ഷേത്ര ഭാരവാഹികള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ വിവരം അറിയിച്ചു. ചോറ്റാനിക്കരയുടെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്ന തരത്തിലു?ള്ള പദ്ധതിക്കു സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. ഹൈക്കോടതിയുടെ അനുമതി കൂടി വാങ്ങിയ ശേഷം നിര്‍മാണം തുടങ്ങാനാണു ബോര്‍ഡ് തീരുമാനം. 5 വര്‍ഷം കൊണ്ട് 2 ഘട്ടമായി പുനരുദ്ധാരണം പൂര്‍ത്തിയാക്കും. 18 പ്രോജക്ടായി തിരിച്ചാണു നിര്‍മാണം നടത്തുക. ഒന്നാം ഘട്ടത്തില്‍ ശില്‍പചാരുതയോടെ 2 ഗോപുരങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ 8 പദ്ധതികള്‍ക്കായി 250 കോടിയുടെയും രണ്ടാം ഘട്ടത്തില്‍ 10 പദ്ധതികള്‍ക്കായി 276 കോടിയുടെയും എസ്റ്റിമേറ്റാണു തയാറാക്കിയത്.

ഘട്ടങ്ങളായി പണം അക്കൗണ്ടിലേയ്ക്ക് കൈമാറിക്കൊണ്ടായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കമ്പനി നേരിട്ട് നിര്‍മാണം നടത്തി ക്ഷേത്ര സമിതിക്ക് കൈമാറുന്നതിനാണ് തീരുമാനമെന്ന് ആര്‍കിടെക്ട് ബി.ആര്‍. അജിത് പറഞ്ഞു. ഒരു വര്‍ഷമായി പദ്ധതിയുടെ ചര്‍ച്ച പുരോഗമിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വരുന്നത്. പിതാവ് രോഗക്കിടക്കയില്‍ ആയതിനാല്‍ അതിന്റെ തിരക്കിലാണ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനു സാധിക്കില്ലെന്ന നിലപാടിലാണ് ഗണശ്രാവണ്‍.

കൊച്ചിന്‍ ദേവസ്വത്തിന്റെ കീഴിലുള്ള ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. ഇപ്പോള്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ഭക്തര്‍ ഇവിടെ എത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഗോപുര നിര്‍മാണം, പൂരപ്പറമ്പ് ടൈല്‍ വിരിക്കല്‍, സോളര്‍ പാനല്‍ സ്ഥാപിക്കല്‍, കല്യാണ മണ്ഡപം, സദ്യാലയം, അന്നദാന മണ്ഡപം, വിഐപി ഗെസ്റ്റ് ഹൗസ് എന്നിവയുടെ നിര്‍മാണം, നവരാത്രി മണ്ഡപം ശീതീകരണം, ഗെസ്റ്റ് ഹൗസ് നവീകരണം എന്നിങ്ങനെ എട്ടു പ്രോജക്ടുകളാണു നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ്, വയോജനസദനം, റിങ് റോഡ് നിര്‍മാണം, ടെംപിള്‍ സിറ്റി നവീകരണം, കന്റിന്‍ തുടങ്ങി 10 പദ്ധതികളും പൂര്‍ത്തിയാക്കും.ചെലവ് അധികമായാല്‍ അതിനു കൂടി മുതല്‍ മുടക്കാനും തയാറായാണ് ഭക്തന്‍ മുന്നോട്ടു വന്നിരിക്കുന്നത്. ബി.ആര്‍. അജിത്ത് അസോസിയേറ്റ്‌സാണ് നിര്‍മാണത്തിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധികളും ആര്‍ക്കിടെക്ടും ഉള്‍പ്പെടുന്ന സമിതിയുടെ കീഴില്‍ ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നതിനാണ് നിലവിലുള്ള തീരുമാനം.

pathram:
Related Post
Leave a Comment