ഇന്ത്യക്കാര്‍ക്ക് കോവിഡിനെതിരെ മെച്ചപ്പെട്ട പ്രതിരോധശേഷി ?

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധയുണ്ടായ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 10 ശതമാനം മാത്രമേ ഇന്ത്യയിലുള്ളൂ. ഇന്ത്യയിലെ കോവിഡ് രോഗികളുടെ മരണ നിരക്കാകട്ടെ വെറും 2 ശതമാനം മാത്രമാണ്. ലോകത്തിലേക്കും വച്ചുതന്നെ ഏറ്റവും കുറവ് കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യക്കാരുടെ മരണനിരക്ക് ഇത്രയും കുറഞ്ഞിരിക്കാന്‍ കാരണം നമ്മുടെ മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷിയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയെ പോലെ ദരിദ്രവും കുറഞ്ഞ വരുമാനമുള്ളതുമായ രാജ്യങ്ങളില്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ശാസ്ത്രജ്ഞരായ ബിതിക ചാറ്റര്‍ജി, രാജീവ ലക്ഷ്മണ്‍ കരണ്‍ഡികര്‍, ഷേഖര്‍ സി. മാന്‍ഡേ എന്നിവരാണ് പഠനം നടത്തിയത്.

106 രാജ്യങ്ങളിലെ കോവിഡ് വ്യാപനവും മരണനിരക്കും അവിടുത്തെ ജനസാന്ദ്രത, ജനസംഖ്യ, ശുചിത്വ നിലവാരം തുടങ്ങി 24 മാനദണ്ഡങ്ങളുമായി തുലനം ചെയ്തു നോക്കിയാണ് പഠനം നടത്തിയത്.

ശുചിത്വമില്ലായ്മ, വൃത്തിയുള്ള കുടിവെള്ളത്തിന്റെ അഭാവം, വൃത്തിഹീനമായ സാഹചര്യങ്ങള്‍ തുടങ്ങിയവയാണ് കോവിഡ് ഉള്‍പ്പെടെ നിരവധി അണുബാധകള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നതിന് കാരണമെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇതേ കാരണങ്ങള്‍ തന്നെയാണ് ഇന്ത്യക്കാരുടെ അതിജീവനശേഷിയെ ഉയര്‍ത്തി നിര്‍ത്തി മരണ നിരക്ക് കുറയ്ക്കുന്നതെന്നും പഠനം വിലയിരുത്തുന്നു. കുട്ടിക്കാലം മുതല്‍തന്നെ ഈ വൃത്തിഹീനമായ ചുറ്റുപാടുകളുമായി പരിചയിക്കുന്ന ഇന്ത്യക്കാരില്‍ പ്രതിരോധ സംവിധാനം ശക്തമാണെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

നേരെ മറിച്ച് വൃത്തി കൂടുതലുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ പ്രതിരോധ സംവിധാനം കൊറോണ വൈറസിന്റെ ആക്രമണം തടയാന്‍ സജ്ജമായിരിക്കില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കോവിഡിനെ നേരിടുന്നതില്‍ ശരീരത്തിനുള്ളിലെ അണുക്കളുടെ പങ്കും പഠനം അടിവരയിടുന്നു. ന്യുമോണിയക്കും മൂത്രനാളിയിലെയും രക്തത്തിലെയും അണുബാധയ്ക്കും ചര്‍മ പ്രശ്‌നങ്ങള്‍ക്കുമൊക്കെ കാരണമാകുന്ന ചില ബാക്ടീരിയകള്‍ പുറപ്പെടുവിക്കുന്ന ആന്റിവൈറല്‍ സൈറ്റോകീനുകള്‍ കോവിഡിനെതിരെ സംരക്ഷണം തീര്‍ക്കാമെന്നും പഠനം അനുമാനിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ കുറഞ്ഞ മരണനിരക്ക് ഇവിടുത്തെ ജനസംഖ്യയില്‍ നല്ലൊരു പങ്കും യുവാക്കളായതിനാലാണെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ വിശദീകരിക്കുന്നു.

pathram desk 1:
Leave a Comment