കോവിഡ് വ്യാപനത്തില്‍ ചൂടിനോ തണുപ്പിനോ കൂടുതല്‍ പങ്ക് പുതിയ പഠനം പറയുന്നത് ഇങ്ങനെ

താപനിലയും ഈര്‍പ്പവും പോലുള്ള കാലാവസ്ഥാഘടകങ്ങള്‍ കോവിഡ് വ്യാപനത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്ന് പഠനം. ചൂടാണെങ്കിലും തണുപ്പാണെങ്കിലും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുള്ള കോവിഡ് പകര്‍ച്ച ഏതാണ്ട് പൂര്‍ണമായും മനുഷ്യന്റെ പെരുമാറ്റശീലങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതായി അമേരിക്കയിലെ വിവിധ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ വംശജനായ യുഎസ് ശാസ്ത്രജ്ഞന്‍ ദേവ് നിയോഗിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

യാത്ര, വീട്ടില്‍ നിന്ന് പുറത്തു പോകല്‍ അടക്കമുള്ള മനുഷ്യന്റെ പെരുമാറ്റ ശീലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ തുച്ഛമായ സ്വാധീനം മാത്രമേ കാലാവസ്ഥ രോഗവ്യാപനത്തില്‍ ചെലുത്തുന്നുള്ളൂ എന്ന് ടെക്സാസ് സര്‍വകലാശാലയിലെ പ്രഫസറായ ദേവ് നിയോഗി പറയുന്നു.

2020 മാര്‍ച്ച് മുതല്‍ ജൂലൈ വരെ കാലയളവില്‍ അമേരിക്കയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലെ കോവിഡ് വ്യാപനമാണ് പഠനത്തിനായി അവലോകനം ചെയ്തത്. വിവിധ കൗണ്ടികളുടെ തലത്തില്‍ കോവിഡ് വ്യാപനത്തിലെ കാലാവസ്ഥയുടെ ആപേക്ഷിക പ്രാധാന്യം 3 ശതമാനത്തിലും താഴെയാണെന്ന് പഠനം കണ്ടെത്തി. അതേ സമയം കോവിഡ് വ്യാപനത്തിലെ യാത്രകളുടെ ആപേക്ഷിക പ്രാധാന്യം 34 ശതമാനമാണ്. വീടിന് പുറത്ത് സമയം ചെലവിടുന്നതിന്റേത് 26 ശതമാനവും. ജനസംഖ്യ, നഗര സാന്ദ്രത എന്നിവയുടെ ആപേക്ഷിക പ്രാധാന്യം യഥാക്രമം 23, 13 ശതമാനമാണ്.

കോവിഡ് വ്യാപനത്തില്‍ കാലാവസ്ഥസ്വാധീനം ചെലുത്തുന്നു എന്ന് കരുതുന്ന പഠനങ്ങള്‍ ലാബുകള്‍ക്കുള്ളിലെ അന്തരീക്ഷത്തില്‍ നടത്തപ്പെട്ടതാണെന്ന് പഠനത്തില്‍ പങ്കെടുത്ത ഒഹിയോ സ്റ്റേറ്റ് സര്‍വകലാശാലയിലെ മരിയം ബാനിയസദ് പറയുന്നു.

pathram:
Related Post
Leave a Comment