കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം; കേസ് ബിനീഷ് വ്യക്തിപരമായി നേരിടും

ന്യൂഡല്‍ഹി: ബിനീഷ് കോടിയേരി അറസ്റ്റിലായ സാഹചര്യം വന്‍ വിവാദം സൃഷ്ടിക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സീറ്റുധാരണയ്ക്കും സിപിഎം കേന്ദ്രക്കമ്മറ്റി അനുമതി നല്‍കി. സിപിഎം കേന്ദ്രക്കമ്മറ്റിയോഗം ഈ തീരുമാനങ്ങളോടെ അവസാനിച്ചു.

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയുന്നത് എതിരാളികളെ സഹായിക്കുന്ന കാര്യമായി മാറുമെന്നും കോടിയേരിക്കെതിരേയുള്ള രാഷ്ട്രീയപ്രചാരവേലകള്‍ ചെറുക്കുമെന്നും ഇക്കാര്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ട കാര്യങ്ങള്‍ സ്വീകരിക്കാനും കേന്ദ്രക്കമ്മറ്റി തീരുമാനിച്ചു. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണ്. കേസ് ബിനീഷ് വ്യക്തിപരമായി നേരിടട്ടെ എന്നും കേന്ദ്രക്കമ്മറി തീരുമാനം എടുത്തു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു മത്സരിക്കാനും ധാരണയായി.

കേരളത്തില്‍ ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന പി.ബി. നിര്‍ദേശത്തെ സി.സിയും അംഗീകരിച്ചെന്നാണു സൂചന. പോളിറ്റ് ബ്യൂറോ യോഗത്തില്‍ എന്നതു പോലെ കേന്ദ്ര കമ്മിറ്റിയിലും ഇക്കാര്യത്തില്‍ കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ എതിര്‍പ്പ് ഉയര്‍ത്തിയില്ല. നേരത്തെ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ പ്രധാനമായും എതിര്‍ത്തത് കേരളത്തില്‍നിന്നുള്ള അംഗങ്ങളായിരുന്നു. ഇന്നലെ അവരുടെ പിന്തുണയോടെ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയതായാണ് വിവരം.

പഞ്ചായത്ത് തെരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സഖ്യ രൂപീകരണവും സംബന്ധിച്ചായിരുന്നു ഇന്നലെ പ്രധാനമായും ചര്‍ച്ച ചെയ്തത്. കേരളം, ബംഗാള്‍, തമിഴ്നാട്, അസം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് പി.ബി തയാറാക്കിയ കരടിന്‍ മേലുള്ള ചര്‍ച്ചയായിരുന്നു ഇന്നലത്തെ മുഖ്യ അജന്‍ഡ.

എം. ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെ അറസ്റ്റും ചര്‍ച്ചയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കെ സര്‍ക്കാരും പാര്‍ട്ടിയും പ്രതിക്കൂട്ടിലാകുന്നത് വലിയ പ്രതിസന്ധിയാണെന്നും കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ഉണ്ടാക്കിയ നേട്ടങ്ങളെല്ലാം സ്വര്‍ണക്കടത്ത്-മയക്കുമരുന്ന് വിവാദങ്ങളില്‍ ഒലിച്ചുപോകുമെന്നും യോഗത്തിനു മുമ്പ് ചിലനേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

pathram:
Related Post
Leave a Comment