ഐഫോണുകളില്‍ ഒരെണ്ണം എവിടെയുണ്ടെന്ന് തനിക്കറിയാമെന്ന് രമേശ് ചെന്നിത്തല

കോട്ടയം: സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കിയ ഐഫോണുകളില്‍ ഒരെണ്ണം എവിടെയുണ്ടെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഫോണുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണത്തില്‍ മാനനഷ്ടക്കേസ് നല്കുമെന്നും പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ നിര്‍മ്മാണ പദ്ധതി കരാറുകാരനായ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കിയ ഐഫോണുകളില്‍ കിട്ടാനുള്ള ഒരു ഐഫോണ്‍ എവിടെയാണെന്ന് തനിക്കറിയാം. എന്നാല്‍ അക്കാര്യം പറയുന്നില്ല. തനിക്ക് എതിരായ ആരോപണത്തില്‍ ഹൈക്കോടതിയെ സമീപിക്കും. ശിവശങ്കറിനെതിരെ ഇതുവരെ എന്തെങ്കിലും പറയാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 311 അനുസരിച്ചു ശിവശങ്കറെ അന്വേഷണമില്ലാതെ തന്നെ പുറത്താക്കാം. എന്നാല്‍ സര്‍ക്കാര്‍ ഇതിന് നടപടി സ്വീകരിക്കുമോ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. ബെവ്‌കോ ആപ്പ്, പമ്പ മണല്‍, ഈ മൊബൈലിറ്റി അങ്ങനെ കേരളം കണ്ട എല്ലാ അഴിമതികളും ശിവശങ്കരനില്‍ നിന്നാണ് തുടങ്ങിയത്. ഇതെല്ലാം മുഖ്യമന്ത്രി സാക്ഷി മാത്രമല്ല പ്രതിയുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

pathram:
Related Post
Leave a Comment