ബെംഗളൂരു: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ബെംഗളൂരുവിലെ ഓഫിസില്‍ ആരംഭിച്ചു. ബിനീഷിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമത്തിലെ 4, 5 വകുപ്പുകളാണ് ചുമത്തിയത്. 7 വർഷം വരെ തടവു ലഭിച്ചേക്കാം.
ലഹരി ഇടപാടിൽ അനൂപ് മുഹമ്മദിനെ നിയന്ത്രിച്ചത് ബിനീഷാണെന്ന് ഇഡി വ്യക്തമാക്കി. ബെംഗളൂരുവിലെ ഇടപാടുകൾ ബിനീഷ് കേരളത്തിലിരുന്നാണു നിയന്ത്രിച്ചത്. ലഹരി ഇടപാടിനായി പണംവന്ന അക്കൗണ്ടുകൾ ബിനീഷിന്റെ അറിവിലുള്ളതാണെന്നും ഇഡി വ്യക്തമാക്കി. അറസ്റ്റിന് തൊട്ടുമുൻപും അനൂപ് ബിനീഷിനെ വിളിച്ചിരുന്നുവെന്നും ഇഡി അറിയിച്ചു. അതേസമയം, മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ബിനീഷ് പ്രതികരിച്ചില്ല.
ബിനീഷിന് സ്വന്തമായുള്ളത് വീടും സ്ഥലവും മാത്രമാണെന്ന് റജിസ്ട്രേഷൻ വകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. മൂന്ന് കമ്പനികളിലെ ഓഹരിയും ബാങ്ക് ബാലൻസും റിപ്പോർട്ടിലില്ല. ഇക്കാര്യം റജിസ്ട്രേഷൻ വകുപ്പിന്റെ പരിധിയിൽ വരുന്നില്ലെന്നാണ് കാരണമായി പറയുന്നത്. ഇഡിയുടെ നിർദേശപ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയത്.
ലഹരി ഗുളികകളുമായി ഓഗസ്റ്റ് 21നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുള്ള പണമിടപാടിന്റെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് (പിഎംഎൽഎ) അറസ്റ്റ്. കേസിലെ ആറാം പ്രതിയാണു ബിനീഷ്.
തന്റെ അക്കൗണ്ടിൽ ലഭിച്ച 50 ലക്ഷം രൂപ, ബിനീഷിന്റെ ഉറപ്പിൽ പലരിൽനിന്നായി ലഭിച്ചതാണെന്ന് അനൂപ് മൊഴി നൽകിയിരുന്നു. 20 അക്കൗണ്ടുകളിൽനിന്നാണ് ഈ പണം വന്നത്. മുൻപു കൊച്ചിയിൽ റെഡിമെയ്ഡ് വസ്ത്ര ബിസിനസ് നടത്തിയിരുന്ന അനൂപിനു ബെംഗളൂരു കമ്മനഹള്ളിയിൽ ‘ഹയാത്ത്’ എന്ന ഹോട്ടൽ നടത്താൻ 6 ലക്ഷം രൂപ മാത്രമാണു നൽകിയതെന്നാണ് ഒക്ടോബർ ആറിന് ആദ്യഘട്ട ചോദ്യം ചെയ്യലിൽ ബിനീഷ് പറഞ്ഞത്.
ഈ മൊഴിവൈരുധ്യം പരിശോധിക്കാൻ അനൂപിനെ കഴിഞ്ഞയാഴ്ച വീണ്ടും ചോദ്യം ചെയ്തിരുന്നു. താൻ ലഹരി ഇടപാടുകളിലെ ബെനാമി മാത്രമാണെന്നായിരുന്നു അനൂപിന്റെ മൊഴി.
Leave a Comment