സ്വര്‍ണക്കടത്തിന് പിന്നില്‍ മലയാളി വ്യവസായി ‘ദാവൂദ് അല്‍ അറബി’

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ മലയാളി വ്യവസായി ആണെന്ന് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കെ.ടി റമീസിന്റെ മൊഴി. ‘ദാവൂദ് അല്‍ അറബി’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മലയാളി 12 തവണയോളം സ്വര്‍ണം കടത്താന്‍ സഹായിച്ചു. യു.എ.ഇ പൗരത്വമുള്ള ‘ദാവൂദ്’ ആണ് നയതന്ത്ര ബാഗേജ് വഴി കടത്തിയതിന്റെ സൂത്രധാരനെന്നും റമീസ് കസ്റ്റംസിനു ഓഗസ്റ്റ് 27 ന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ദാവൂദ് അല്‍ അറബി കേരളത്തിലുണ്ടെന്ന സൂചനയും അന്വേഷണ ഏജന്‍സിക്കുണ്ട്. ദുബായില്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് നല്‍കിയിരിക്കുന്ന പ്രതി മുഹമ്മദ് ഷെമീര്‍ വഴിയാണ് ദാവൂദ് അല്‍ അറബിയുമായി ബന്ധപ്പെട്ടത്. കേസിലെ മറ്റൊരു പ്രതി ഷാഫിക്കും ദാവുദ് അല്‍ അറബിയുമായി ബന്ധമുണ്ട്. ഇതേമൊഴി റമീസ് എന്‍.ഐ.എയ്ക്കും എന്‍ഫോഴ്സ്മെന്റിനും മുമ്പാകെ നല്‍കിയിട്ടുണ്ട്.

യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയത് ഇടതുസഹയാത്രികരായ കാരാട്ട റസാഖ് എം.എല്‍.എയ്ക്കും നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനും വേണ്ടിയാണെന്ന് കേസിലെ നാലാം പ്രതി സന്ദീപിന്റെ ഭാര്യ സൗമ്യ കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനെന്നു കരുതുന്ന കെ.ടി. റമീസുമായായിരുന്നു റസാഖിന്റെ ഇടപാടുകള്‍. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്താമെന്ന പദ്ധതി റമീസിന്റേതാണ്. ഇതിന് സന്ദീപിനെ കൂട്ടുപിടിച്ചു. യു.എ.ഇ. കോണ്‍സുലേറ്റ് വഴി എളുപ്പവഴികള്‍ തുറന്നുകൊടുത്തതു സ്വപ്ന. കടത്തിയ സ്വര്‍ണം കാരാട്ട് റസാഖിനാണ് എത്തിച്ചിരുന്നതെന്നും അത് മറ്റു സംസ്ഥാനങ്ങളിലേക്കു കടത്തിയതു ഫൈസലാണെന്നും സൗമ്യയുടെ മൊഴിയിലുണ്ട്.

സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗേജ് സന്ദീപ് വീട്ടിലെത്തിച്ച് തുറക്കുമായിരുന്നു. സ്വര്‍ണം ‘റമീസ്ഭായി’ എന്നു വിളിക്കുന്ന കെ.ടി. റമീസിനു വേണ്ടിയാണെന്നു പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തിനെ ചോദ്യംചെയ്ത തന്നെ സന്ദീപ് മര്‍ദിച്ചിരുന്നെന്നും ജൂലൈ എട്ടിനു കസ്റ്റംസിനു നല്‍കിയ മൊഴിയില്‍ സൗമ്യ വെളിപ്പെടുത്തി. സൗമ്യയുടെ മൊഴിയുടെ തുടര്‍ച്ചയായാണു ജൂവലറി ഉടമയുമായ കാരാട്ട് ഫൈസലിന്റെ വീട് കസ്റ്റംസ് റെയ്ഡ് ചെയ്തത്. ഇയാളെ രണ്ടുതവണ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്തിരുന്നു.

സ്വര്‍ണക്കടത്തിനു പിന്നില്‍ കൊടുവള്ളി ഗാങ്ങാണെന്നു കസ്റ്റംസ് സ്ഥിരീകരിക്കുന്നു. കാരാട്ട് റസാഖിനെ ഇതുമായി ബന്ധിപ്പിക്കാന്‍ തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. റമീസുമായുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങളില്‍ ഇതിലേക്കുള്ള സൂചനകളുണ്ട്. സ്വപ്നയുമായോ സന്ദീപുമായോ റസാഖ് ആശയവിനിമയം നടത്തിയിട്ടില്ലെന്നും കസ്റ്റംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും സന്ദീപിനെയും കോഫെപോസ പ്രകാരം കരുതല്‍ തടങ്കലിലാക്കുന്നതിനായി കസ്റ്റംസ് കേന്ദ്ര ധനമന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടിലൂടെ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനു മുന്നിലുമെത്തിയത്.

pathram:
Leave a Comment