പ്രണയം നിരസിച്ചു; കോളജിന് മുന്നിൽ പെൺകുട്ടിയെ വെടിവെച്ച് കൊന്നു

കോളജിന് മുന്നിൽ വച്ച് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന് യുവാവ്. ഹരിയാനയിലെ ഫരീദബദിലാണ് രാജ്യത്തെ നടുക്കിയ അക്രമം നടന്നത്. ബല്ലഭ്ഗഡ് അഗർവാൾ കോളേജിലെ അവസാന വർഷ ബികോം വിദ്യാർഥിനിയായ നിഖിതാ തോമറാണ് കൊല്ലപ്പെട്ടത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

12–ാം ക്ലാസ് വരെ നിഖിതയ്ക്ക് ഒപ്പം പഠിച്ച തൗഫീഖ് എന്ന യുവാവാണ് വെടിവെച്ചത്. ഇയാൾ പെൺകുട്ടിയെ പല തവണ ശല്യപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് പെൺകുട്ടി പൊലീസിൽ പരാതിയും നൽകി. ഇതിന് പിന്നാലെയാണ് യുവാവും സുഹൃത്തും കാറിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. യുവതി ഓടാൻ ശ്രമിക്കുമ്പോഴേക്കും ഇയാൾ വെടിവയ്ക്കുകയായിരുന്നു. ജനം ഓടിയെത്തിയതോടെ യുവാവും സുഹൃത്തും കാറിൽ കയറി രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം.

പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഖിതയോട് നടത്തിയ പ്രണയാപേക്ഷ നിരസിക്കപ്പെട്ടതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ വൻരോഷമാണ് ഉയരുന്നത്. പ്രതികളെ കൊല്ലാതെ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്തെത്തി. തെരുവിലും പ്രതിഷേധം കത്തുകയാണ്.

pathram desk 1:
Related Post
Leave a Comment