കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സ വീഴ്ച്ച; അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു

കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സ വീഴ്ച്ചയെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു.ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ.ഹരികുമാരന്‍ നായര്‍ക്കാണ് ചുമതല. വിശദമായ അന്വേഷണം നടത്തിഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവ്. കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗി മരിക്കാനിടയായെന്ന നഴ്‌സിംഗ് ഓഫിസറുടെയും ജൂനിയര്‍ ഡോക്ടറുടെയും വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറിക്കിടന്നതുമൂലമാണ് കൊവിഡ് രോഗി മരിക്കാനിടയായതെന്ന നഴ്‌സിംഗ് ഓഫിസര്‍ ജലജ ദേവിയുടെ ശബ്ദ സന്ദേശമാണ് വിവാദമായത്. പിന്നാലെ വീഴ്ച്ചകള്‍ ശരിവെച്ച് ജൂനിയര്‍ ഡോക്ടര്‍ നജ്മ സലിമും രംഗത്തെത്തിയതോടെ ആരോഗ്യ വകുപ്പ് പ്രതിരോധത്തിലായി. തൊട്ട് പുറകെ നിരവധി രോഗികളുടെ ബന്ധുക്കളും ആശുപത്രിക്കെതിരെ ആരോപണമുന്നയിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് . ഇത് തള്ളിയ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വിദഗ്ധ അന്വേഷണത്തിന് ശുപാര്‍ശ നല്‍കുകയായിരുന്നു. ഡിഎഇയുടെ ശുപാര്‍ശ പരിഗണിച്ചാണ് ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. വിശദമായ അന്വേഷണം നടത്തി ഒരാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

pathram desk 1:
Related Post
Leave a Comment