നരിയമ്പാറ: ഇടുക്കി നരിയമ്പാറയിൽ പീഡനത്തിന് ഇരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പെൺകുട്ടിയെ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വ്യാഴാഴ്ച രാത്രി, വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം പോലീസിൽ പീഡന പരാതി നൽകിയിരുന്നു. അയൽവാസിയായ യുവാവിന് എതിരെ ആയിരുന്നു പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടപടികൾ ആരംഭിച്ചു. എന്നാൽ ഇയാൾ ഇതിനിടെ ഒളിവിൽ പോയെന്നാണ് വിവരം.
Leave a Comment