ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടര്‍തോല്‍വികളില്‍ ക്ഷമ നശിച്ച് സിഎസ്‌കെ ആരാധകര്‍. ചെന്നൈ ടീം മാനേജ്‌മെന്റിനും ക്യാപ്റ്റന്‍ എം.എസ്. ധോണിക്കുമെതിരെ രൂക്ഷവിമര്‍ശനമാണു സിഎസ്‌കെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുന്നത്. ഐപിഎല്‍ സീസണ്‍ പകുതി പിന്നിടുമ്പോഴും ചെന്നൈ ടീമിന്റെ പ്രകടനത്തില്‍ മാറ്റങ്ങള്‍ കാണാതായതോടെയാണ് ആരാധകര്‍ പ്രകോപിതരായത്. തിങ്കളാഴ്ചത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടും തോറ്റതോടെ സീസണിലെ ഏഴാം തോല്‍വിയാണു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റുവാങ്ങിയത്. ധോണിയുടെ 200ാം ഐപിഎല്‍ മത്സരം കൂടിയായിരുന്നു ഇത്
മത്സരശേഷം യുവതാരങ്ങളെക്കുറിച്ച് ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോണി നടത്തിയ പ്രതികരണവും പ്രശ്‌നങ്ങള്‍ വഷളാക്കി. ധോണിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ശക്തമാണ്. ചെന്നൈയുടെ മോശം പ്രകടനത്തിന് ഉത്തരവാദികളായ ധോണിയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്ങും ഉടന്‍ സ്ഥാനമൊഴിയണമെന്ന് ട്വിറ്ററില്‍ ആരാധകര്‍ ആവശ്യപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക പേജിലെ ട്വീറ്റുകള്‍ റീട്വീറ്റു ചെയ്താണ് ആരാധകര്‍ പ്രതിഷേധം അറിയിക്കുന്നത്.
ഈ സീസണ്‍ അവസാനിക്കുന്നതോടെ എം.എസ്. ധോണീ, നിങ്ങള്‍ ടീം വിടണം. നിങ്ങളെ പരിശീലകന്‍, മെന്റര്‍ തുടങ്ങിയ റോളുകളില്‍ പോലും കാണാന്‍ ആഗ്രഹിക്കുന്നില്ല. ജഗദീശന്‍ ഉള്‍പ്പെടെയുള്ള യുവതാരങ്ങളെ നിങ്ങള്‍ നശിപ്പിച്ചു. ചെന്നൈയിലേക്കു മടങ്ങിവരാതിരിക്കൂ ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചു. ചെന്നൈയില്‍ യുവതാരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ മാത്രം അടുത്ത സീസണില്‍ നിലനിര്‍ത്തിയാല്‍ മതിയെന്നും ആരാധകരില്‍ പലരും വാദിക്കുന്നു.
ഐപിഎല്‍ ചരിത്രത്തില്‍തന്നെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമുകളിലൊന്നാണു ചെന്നൈ സൂപ്പര്‍ കിങ്‌സ്. കളിച്ച പത്തു സീസണുകളിലും പ്ലേ ഓഫ് യോഗ്യത നേടിയ ടീമാണു ചെന്നൈ. എന്നാല്‍ മൂന്നു തവണ കിരീടം ചൂടിയ ടീമിന് ഇത്തവണത്തെ ഐപിഎല്‍ ദുരന്തങ്ങളാണു സമ്മാനിച്ചത്. സീസണ്‍ പകുതി പിന്നിടുമ്പോള്‍ മൂന്ന് വിജയങ്ങളും ആറു പോയിന്റുകളുമായി പട്ടികയില്‍ അവസാന സ്ഥാനക്കാരാണു ചെന്നൈ സൂപ്പര്‍ കിങ്‌സ്. പരിശീലകന്‍ ഫ്‌ലെമിങ്ങിന്റെയും ധോണിയുടേയും തന്ത്രങ്ങളിലാണ് 2018ല്‍ ചെന്നൈ ഐപിഎല്ലില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്. 2019 ലും ടീം ഫൈനല്‍ കളിച്ചു. എന്നാല്‍ ഇരുവരുടേയും ‘സേവനങ്ങള്‍’ മതിയാക്കേണ്ട സമയമായെന്നാണ് ആരാധകര്‍ വാദിക്കുന്നത്.
ഈ സീസണിലെ പ്രതീക്ഷകള്‍ അവസാനിച്ചതിനാല്‍ അടുത്ത സീസണില്‍ പുതിയൊരു ടീമുമായി ചെന്നൈ വരണമെന്നു വാദിക്കുന്നവരും ഏറെയാണ്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് ചെന്നൈയുടെ അടുത്ത എതിരാളികള്‍. അതിനു ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകളുമായും ചെന്നൈയ്ക്കു മത്സരങ്ങളുണ്ട്.
Leave a Comment