ലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾ, ചൈനയ്ക്കും പാക്കിസ്ഥാനും ഇതൊരു മുന്നറിയിപ്പ്

നിർഭയ്, ശൗര്യം ,രുദ്രം, പൃഥ്വി, അഗ്നി, ബ്രഹ്മോസ്… അങ്ങനെ നിരവധി മിസൈലുകളാണ് ഇന്ത്യൻ പ്രതിരോധ വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷിച്ചത്. ഒരു മാസത്തിനുള്ളിൽ 12 പുതിയ മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. ഈ പരീക്ഷണങ്ങളെല്ലാം അതിർത്തിയിൽ സംഘർഷം തുടരുന്ന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയാണ്.

തിങ്കളാഴ്ച ഒഡീഷ തീരത്ത് ഇന്ത്യ സാന്റ് ആന്റി–ടാങ്ക് മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ഇന്ത്യൻ വ്യോമസേനയ്ക്കായി വികസിപ്പിച്ചെടുത്തതാണ് ഈ മിസൈൽ. വിക്ഷേപിക്കുന്നതിന് മുൻപും, വിക്ഷേപിച്ച ശേഷവും ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതിനുള്ള (ലോക്ക്-ഓൺ ആൻഡ് ലോക്ക്-ഓൺ) സവിശേഷതകളോട് കൂടിയാണ് മിസൈൽ നിർമിച്ചിരിക്കുന്നത്.

ഈ മിസൈലിന്റെ എല്ലാ പരീക്ഷണങ്ങളും പൂർത്തിയായി, പൂർണ ആക്രമണ മോഡിൽ എത്തിക്കഴിഞ്ഞാൽ അത് വ്യോമസേനയ്ക്ക് കൈമാറും. കഴിഞ്ഞ ഒരു മാസത്തിനിടെ തുടർച്ചയായി 12 പുതിയ മിസൈലുകൾ പരീക്ഷിച്ച് പ്രതിരോധ മേഖലയിലെ എല്ലാവരെയും ഇന്ത്യ അദ്ഭുതപ്പെടുത്തി. ഒഡീഷ തീരത്ത് ചണ്ഡിപൂർ പരീക്ഷണ കേന്ദ്രത്തിൽ തിങ്കളാഴ്ച രാവിലെ 11.30 നാണ് സാന്റ് ആന്റി ടാങ്ക് മിസൈൽ പരീക്ഷിച്ചത്. ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ നവീകരിച്ചാണ് സാന്റ് മിസൈൽ നിർമിച്ചിരിക്കുന്നത്. ഡിആർഡിഒ ഗവേഷണ കേന്ദ്രത്തിന്റെയും ഇന്ത്യൻ വ്യോമസേനയുടെയും സംയുക്ത പ്രവർത്തനത്തിലാണ് ഇത് തയാറാക്കുന്നത്. മികച്ച ആന്റി ടാങ്ക് മിസൈലുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

2011 ലാണ് ആദ്യമായി ഈ മിസൈൽ വിക്ഷേപിച്ചത്. ലക്ഷ്യസ്ഥാനം ലോക്ക് ചെയ്താണ് മിസൈല്‍ തൊടുത്തത്. എന്നാൽ വിക്ഷേപണത്തിന് ശേഷം രണ്ടാമത്തെ ലക്ഷ്യത്തിലേക്ക് ലോക്ക് ചെയ്യാനും ആക്രമണം നടത്താനും ഈ മിസൈലിന് സാധിച്ചു. തുടർന്ന്, 2015 ജൂലൈ 13 ന് രാജസ്ഥാനിലെ ജയ്സാൽമീറിലെ ചന്ദൻ ഫയറിങ് റേഞ്ചിൽ രുദ്ര ഹെലികോപ്റ്റർ ഉപയോഗിച്ച് എച്ച്എഎൽ മൂന്ന് പരീക്ഷണങ്ങൾ നടത്തി. 7 കിലോമീറ്റർ അകലത്തിൽ രണ്ട് ലക്ഷ്യങ്ങൾ ആക്രമിക്കുന്നതിൽ ഈ മിസൈലുകൾ വിജയിച്ചു, ഒരു ലക്ഷ്യം നഷ്ടമായി. തുടർന്ന്, ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സാന്റ് ആന്റി ടാങ്ക് മിസൈലിന്റെ പേരിലേക്ക് നവീകരിച്ചു. ഈ മെച്ചപ്പെടുത്തിയ പതിപ്പിന്റെ ആദ്യ വിജയകരമായ ട്രയൽ 2018 നവംബറിൽ രാജസ്ഥാനിലെ ജയ്‌സാൽമീറിലെ പോഖ്‌റാൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടത്തി. പിന്നീട് അത് ഒരു ഡമ്മി ടാങ്ക് തകർത്തും മികച്ച പ്രകടനം കാഴ്ചവെച്ചു. 15 മുതൽ 20 കിലോമീറ്റർ വരെ പരിധിയിൽ പ്രയോഗിക്കാവുന്ന തദ്ദേശീയ മിസൈലാണിത്.

ദിവസങ്ങൾക്ക് മുൻപ് സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാന്റ് ഓഫ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണവും വിജയകരമാകുന്നത്. ഒന്നര മാസത്തോളമായി നാലു ദിവസത്തില്‍ ഒരു മിസൈല്‍ എന്ന തോതിലാണ് പരീക്ഷണങ്ങൾ നടക്കുന്നത്. 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് സബ് സോണിക് ക്രൂസ് മിസൈലും പരീക്ഷിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment