അബുദാബി: പരസ്പരം മുഖത്തോട് മുഖം നോക്കി, അസ്തമസൂര്യന്റെ പശ്ചാത്തലത്തിൽ യുഎഇയിലെ പൂളിൽ ഭാര്യ അനുഷ്കയോടൊപ്പം നിൽക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചാണ് ഇന്ത്യൻ ടീമിന്റെയും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനായ വിരാട് കോലി കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ചത്. ഞായറാഴ്ച വൈകിട്ടു പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലായി. എന്നാൽ ചർച്ചയായത് ഈ രണ്ട് ഇന്ത്യൻ സെലിബ്രറ്റികളും അല്ല എന്നുമാത്രം.
ചിത്രത്തിന് വിരാട് കോലി കടപ്പാട് നൽകിയിരിക്കുന്ന ആളായിരുന്നു സൈബർ ലോകത്തെ താരം. സാക്ഷാൽ എബി ഡിവില്ലിയേഴ്സ്! സൂപ്പർ താരം ഡിവില്ലിയേഴ്സ് പകർത്തിയ ചിത്രമാണ് ഇന്ത്യൻ നായകൻ ട്വിറ്ററിൽ പങ്കുവച്ചത്. ഇതോടെ ‘സകലകലാവല്ലഭനായ’ എബിഡിയെ പുകഴ്ത്തി ചർച്ചയും ആരംഭിച്ചു. ബാറ്റ് മാത്രമല്ല, ക്യാമറയും തന്റെ കയ്യിക്ക് വഴങ്ങുമെന്ന് ദക്ഷിണാഫ്രിക്കൻ താരം തെളിയിച്ചിരിക്കുന്നു എന്നായിരുന്നു ഭൂരിഭാഗം കമന്റുകളും.
‘വിക്കറ്റ് കീപ്പിങ്, ബാറ്റിങ്, തീരുമാനം എടുക്കുക, ഇപ്പോൾ ഫൊട്ടോഗ്രഫിയും. എബിഡി ആകുക ബുദ്ധിമുട്ടാണ്. വിരാട് കോലി അദ്ദേഹത്തെ ശരിക്കും മുതലാക്കുന്നുണ്ട്. നമ്മൾ ഒരു പരാതി കൊടുക്കണം.’ – ട്വിറ്ററിൽ ഒരാളുടെ കമന്റ് ഇങ്ങനെ. ഡിവില്ലിയേഴ്സിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ മാത്രം പിൻബലത്തിൽ ഒന്നിൽകൂടുതൽ മത്സരങ്ങളാണ് ബാംഗ്ലൂർ വിജയിച്ചു കയറിയത്. ഇപ്പോൾ നായകന്റെ ചിത്രം കൂടി പകർത്തിയതോടെയാണ് എബിഡിയെക്കൊണ്ട് കോലി ‘പണി’യെടുപ്പിക്കുകയാണെന്ന് ചില ആരാധകർ കമന്റിട്ടത്.
ശനിയാഴ്ച, ദുബായിൽ രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ വെറും 22 പന്തിൽ 55 റൺസെടുത്താണ് ഡിവില്ലിയേഴ്സ് ബാംഗ്ലൂരിന് വിജയം നേടിക്കൊടുത്തത്. 178 റൺസ് പിന്തുടർന്ന ആർസിബിക്ക് 13.1 ഓവറിൽ വിരാട് കോലിയെ നഷ്ടപ്പെടുമ്പോൾ 102 റൺസ് മാത്രമായിരുന്നു സ്കോർ ബോർഡിൽ. പിന്നാലെ ക്രീസിലെത്തിയ ഡിവില്ലിയേഴ്സ് ഒരു ഫോറിന്റെയും ആറ് സിക്സറുകളുടെയും അകമ്പടിയോടെയാണ് ബാംഗ്ലൂരിനെ അനായാസ വിജയത്തിലെത്തിച്ചത്.
Leave a Comment