ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ ചൈനയെയും പാക്കിസ്ഥാനും ഉയര്‍ത്തുന്ന ഭീഷണി നേരിടുന്നതിന് ‘ബിആര്‍’ പ്ലാനുമായി ഇന്ത്യന്‍ സേന. യഥാര്‍ഥ നിയന്ത്രണ രേഖയിലോ നിയന്ത്രണരേഖയിലോ ചൈനയും പാക്കിസ്ഥാനും അനാവശ്യ ഇടപെടല്‍ നടത്തിയാല്‍ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ സേന ‘ബിആര്‍’ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാന്‍ കനത്ത പ്രഹരശേഷിയുള്ള ഭീഷ്മ ടാങ്കുകളും റഫാല്‍ വിമാനങ്ങളുമാണ് ഇന്ത്യ സജ്ജമാക്കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ (പിഎല്‍എ) നേരിടാന്‍ ഭീഷ്മ ടാങ്കുകളാണ് കരസേന വിന്യസിച്ചിരിക്കുന്നത്. തല്‍സ്ഥിതി ലംഘിക്കുന്ന സ്ഥിതിയുണ്ടായാല്‍ കനത്ത നാശം നേരിടേണ്ടിവരുമെന്ന വ്യക്തമായ സന്ദേശം ചൈനയ്ക്കു നല്‍കുന്നതിനാണ് കിഴക്കന്‍ ലഡാക്കില്‍ സമുദ്രനിരപ്പില്‍നിന്ന് 17,000 അടി ഉയര്‍ത്തിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഭീഷ്മ ടാങ്കുകള്‍ വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് ടി63, ടി99 ടാങ്കുകള്‍ ചൈന വിന്യസിച്ചിട്ടുണ്ടെങ്കിലും അവയെക്കാള്‍ പ്രഹരശേഷിയുള്ളതാണ് ഇന്ത്യന്‍ ടാങ്കുകള്‍ എന്നാണ് വിദഗ്ധാഭിപ്രായം.
ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരീക്ഷണം തുടരുന്നത് ചൈനയ്ക്കും പാക്കിസ്ഥാനും കനത്ത ഭീഷണിയാണ്. ഫ്രാന്‍സില്‍നിന്ന് അടുത്തിടെ ഇന്ത്യ വാങ്ങിയ റഫാല്‍ വിമാനങ്ങളുടെ പ്രഹരശേഷിയെ കുറിച്ചു പാക്കിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പ്രസ്താവന നടത്തിയിരുന്നു. പാക്കിസ്ഥാനെതിരെ റഫാല്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ വ്യോമസേനാ മേധാവിയും ആരോപിച്ചിരുന്നു.
അതേസമയം, കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ഏഴാം കോര്‍ കമാന്‍ഡര്‍തല യോഗം ചേര്‍ന്നിരുന്നു.
Leave a Comment