കൊച്ചി: സർക്കാരുമായി ഔദ്യോഗിക കത്തിടപാടുകൾ ഇല്ലാതെ യുഎഇ കോൺസുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തിൽ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കസ്റ്റംസ് കൊച്ചി ഓഫിസിൽ ഹാജരായി. നേരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
മൂന്നു വർഷം കൊണ്ട് നയതന്ത്ര മാർഗത്തിലൂടെ 17,000 കിലോ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചതിൽ അസ്വഭാവികതയുണ്ട് എന്ന വിലയിരുത്തലിൽ കസ്റ്റംസ് കേസെടുത്തിരുന്നു. ഈ കേസിന്റെ വിശദാംശങ്ങൾ ആരായാനാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
സംസ്ഥാനത്തേക്ക് ഈന്തപ്പഴം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റും സംസ്ഥാന സർക്കാരും തമ്മിൽ യാതൊരു കത്തിടപാടും നടത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അന്നത്തെ സമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ കസ്റ്റംസ് അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. എം.ശിവശങ്കറിന്റെ വാക്കാലുള്ള നിർദേശ പ്രകാരമാണ് അനാഥാലയത്തിലെ കുട്ടികൾക്ക് ഈന്തപ്പഴം നൽകുന്ന പദ്ധതി നടപ്പാക്കിയത് എന്നുമാണ് മൊഴി.
2017 മേയ് 26നാണ് സംസ്ഥാനത്തെ അനാഥാലയങ്ങളിലെ കുട്ടികൾക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. എല്ലാ ജില്ലകളിലും ഈന്തപ്പഴം വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി.
17,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തെങ്കിലും എല്ലാ ജില്ലകളിലും വിതരണം നടന്നിട്ടില്ല എന്നാണ് ആരോപണം. ഇതടക്കമുള്ള വിശദമായ വിവരങ്ങൾ ശിവശങ്കറിൽനിന്ന് അറിയാനാണ് ഇന്നത്തെ ചോദ്യം െചയ്യൽ. അതോടൊപ്പം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംശയങ്ങൾക്കും നിവാരണം വരുത്താൻ അന്വേഷണ സംഘം ശ്രമിക്കും എന്നാണ് അറിയുന്നത്.
Leave a Comment