സ്വപ്ന ശിവശങ്കര്‍ കൂടികാഴ്ചകള്‍; ആറ് തവണ കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം, ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ ഇങ്ങനെ

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് സ്‌പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോടതിയില്‍ സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തിലാണ് സ്വപ്നയുടെ നിയമനവഴിയും വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു വേണ്ടതു ചെയ്യാമെന്ന് ശിവശങ്കര്‍ സ്വപ്നയ്ക്ക് ഉറപ്പുനല്‍കി. ഇതിനുശേഷമാണ് സ്‌പേസ് പാര്‍ക്ക് സിഇഒ വിളിച്ച് സ്വപ്ന ജോലിയില്‍ ചേരാന്‍ നിര്‍ദേശം നല്‍കിയത്. സ്വപ്ന ആറ് തവണ ശിവശങ്കറിനെ കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ സ്വപ്നയെ മുഖ്യമന്ത്രിക്ക് പരിചയമുണ്ടായിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.

സ്വപ്ന സുരേഷിന് ലോക്കര്‍ എടുത്തു നല്‍കിയത് എം. ശിവശങ്കറാണ് എന്നതിനു തെളിവു ലഭിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. . സ്വപ്നയുടെ ബാങ്ക് അക്കൗണ്ടില്‍ കണ്ടെത്തിയ 30 ലക്ഷം രൂപ സ്ഥിരനിക്ഷേപമിടാന്‍ നിര്‍ദേശിച്ചതും എം.ശിവശങ്കറാണ്. ഇടപാടുകള്‍ സംബന്ധിച്ച് ശിവശങ്കര്‍ സ്വപ്നയുമായും ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായും നടത്തിയ വാട്‌സാപ് സന്ദേശങ്ങളുടെ ഓഡിയോ ക്ലിപ് ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവരുടെ കള്ളപ്പണ ഇടപാടിന് തെളിവു ലഭിച്ചു എന്നു ചൂണ്ടിക്കാണിച്ചാണ് 303 പേജുള്ള ഭാഗിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികള്‍ പിഎംഎല്‍എ സെക്ഷന്‍ മൂന്ന് പ്രകാരം കുറ്റക്കാരാണെന്നും വിചാരണ നടത്തി ശിക്ഷിക്കുന്നതിന് തുടര്‍ നടപടികളിലേയ്ക്ക് കടക്കണമെന്നുമാണ് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

pathram:
Related Post
Leave a Comment