സൂപ്പര്‍ സോണിക് വേഗം, അണ്വായുധ മിസൈൽ ശൗര്യയുടെ പരീക്ഷണം വിജയകരം

ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടെ ദിവസവും ഇന്ത്യ നിരവധി മിസൈൽ പരീക്ഷണങ്ങളാണ് നടത്തുന്നത്. ശനിയാഴ്ച ഒഡീഷ തീരത്ത് അണ്വായുധ ശേഷിയുള്ള ശൗര്യ മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. സര്‍ഫസ് – ടു – സര്‍ഫസ് മിസൈലായ ശൗര്യയുടെ പുതിയ പതിപ്പാണ് പരീക്ഷിച്ചത്. 800 കിലോമീറ്റർ പരിധിയിൽ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ശൗര്യ.

ഇത് വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണ്. ടാർഗെറ്റിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കാന്‍ ശൗര്യ മിസൈലിന് സാധിക്കുമെന്നത് വലിയ നേട്ടമാണ്. നിലവിലുള്ള മറ്റു മിസൈലുമായി താരതമ്യപ്പെടുത്തുമ്പോൾ ശൗര്യയുടെ ഭാരം കുറഞ്ഞതും പ്രവർത്തിക്കാൻ എളുപ്പവുമാണെന്ന് ഡിആർഡിഒ വക്താവ് പറഞ്ഞു.

തന്ത്രപരമായ മിസൈലുകളുടെ നിര്‍മാണ മേഖലയിൽ സമ്പൂർണ സ്വാശ്രയത്വം പൂർത്തീകരിക്കുന്നതിനായാണ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) പ്രവർത്തിക്കുന്നത്. ഈ വർഷം ആദ്യം പ്രതിരോധമേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്‌മീർഭർ ഭാരത് ആഹ്വാനം ചെയ്തിരുന്നു. ഈ പദ്ധതി സജീവമാക്കാൻ തന്നെയാണ് ഡിആര്‍ഡിഒയുടെ നീക്കം.

കഴിഞ്ഞ ദിവസം 400 കിലോമീറ്ററിലധികം സ്‌ട്രൈക്ക് റേഞ്ചിൽ ലക്ഷ്യത്തിലെത്താൻ കഴിയുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment