നിയമം കർശനമാക്കി, ആഴ്ചയിൽ പിഴയിനത്തിൽ 20 ലക്ഷം വരെ

കാക്കനാട്: ഖജനാവിനെ സമ്പുഷ്ടമാക്കി ഗതാഗത നിയമലംഘനം കൂടുന്നു. മോട്ടർ വാഹന വകുപ്പിന്റെ എറണാകുളം എൻഫോഴ്സ്മെന്റ് വിഭാഗം മാത്രം ആഴ്ചയിൽ റിപ്പോർട്ട് ചെയ്യുന്നതു 900 മുതൽ 1,300 വരെ കേസ്. ഇത്രയും കേസുകളിൽ പിഴയായി ലഭിക്കുക 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ്. മോട്ടർ വാഹന വകുപ്പിന്റെ ഇതര യൂണിറ്റുകളും പൊലീസും എടുക്കുന്ന കേസുകൾ ഇതിനു പുറമേയാണ്. ഗതാഗത പരിശോധന ശക്തമായതോടെ ചിലയിടങ്ങളിലെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ ആക്ഷേപവുമായി വാഹന ഉടമകളും രംഗത്തുണ്ട്. കോവിഡ് മൂലം നിർത്തി വച്ചിരുന്ന പരിശോധനയാണു ശക്തമാക്കിയത്. ഓണം കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയ പരിശോധന ഘട്ടം ഘട്ടമായാണു വ്യാപകമാക്കിയത്. കോവിഡ് മൂലം പരിശോധന നിലച്ചതോടെ ഒട്ടേറെ അനധികൃത വാഹനങ്ങൾ നിരത്തിലിറങ്ങിയെന്നാണു മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.

രൂപമാറ്റം വരുത്തിയും നികുതിയും ഇൻഷുറൻസും ഇല്ലാതെയും വാഹനങ്ങൾ ഓടുന്നുണ്ട്. ഇതോടെയാണു കേസുകളുടെ എണ്ണവും പിഴ ഇനത്തിലുള്ള വരവും കൂടിയത്. രൂപമാറ്റം വരുത്തിയതും നിയമ വിരുദ്ധ പാർട്സുകൾ പിടിപ്പിച്ചതുമായ ഒട്ടേറെ വാഹനങ്ങൾ പിടികൂടിയവയിൽ ഉൾപ്പെടും. ഇരുചക്ര വാഹനങ്ങളാണു കൂടുതലും. അപകട സാധ്യതയുള്ളതിനാൽ ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടിയാണ് എടുക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ അനുവദനീയമല്ലാത്ത അലോയ് വീൽ പിടിപ്പിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഹാൻഡിലുകളുടെ രൂപമാറ്റവും അപകട സാധ്യത ഉണ്ടാക്കുന്നതാണെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

pathram desk 1:
Leave a Comment