റെയ്നയും ഹർഭജനും ഇനി സൂപ്പർ കിങ്സല്ല, കരാർ റദ്ദാക്കിയേക്കും

ദുബായ്: ഐപിഎല്ലിൽനിന്ന്വിട്ടുനിൽക്കുന്ന സുരേഷ് റെയ്ന, ഹർഭജൻ സിങ് എന്നിവരുടെ കരാറുകൾ ചെന്നൈ സൂപ്പർ കിങ്സ് അവസാനിപ്പിച്ചതായി റിപ്പോർട്ടുകൾ. ഐപിഎല്‍ സീസൺ തുടങ്ങുന്നതിനു മുൻപേ മത്സരങ്ങളിൽനിന്നു പിൻമാറുന്നതായി താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. രണ്ടു താരങ്ങളുടെയും പേരുകൾ ചെന്നൈ സൂപ്പർ കിങ്സ് അവരുടെ വെബ്സൈറ്റിൽനിന്നും നീക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് താരങ്ങളുമായുണ്ടാക്കിയ കരാറും റദ്ദാക്കിയിരിക്കുന്നത്.

2018ലാണ് സുരേഷ് റെയ്നയും ഹർഭജൻ സിങ്ങും ചെന്നൈ സൂപ്പർ കിങ്സുമായി മൂന്നു വര്‍ഷത്തെ കരാർ ഒപ്പിട്ടത്. കരാർ പ്രകാരം റെയ്നയ്ക്ക് ഒരു വർഷം 11 കോടി രൂപയാണു ലഭിച്ചിരുന്നത്. ഹർഭജൻ സിങ്ങിന് ഒരു വർഷം രണ്ട് കോടിയും ലഭിച്ചിരുന്നു. ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം രണ്ടു താരങ്ങൾക്കും ഈ സീസണിൽ പ്രതിഫലവും ലഭിക്കില്ലെന്നാണ് അറിയുന്നത്. ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടില്ല. എന്നാൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.

താരങ്ങൾ കളിക്കുന്നുണ്ടെങ്കിൽ മാത്രം പ്രതിഫലം നൽകിയാൽ മതിയെന്നും അല്ലെങ്കിൽ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഈ സീസൺ അവസാനിക്കുന്നതോടെ രണ്ടു താരങ്ങളുമായുള്ള കരാറിന്റെ കാലാവധി പൂർത്തിയാകേണ്ടതായിരുന്നു. ഫ്രാഞ്ചൈസി കരാർ റദ്ദാക്കിയതോടെ രണ്ടു താരങ്ങളും ഔദ്യോഗികമായി തന്നെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമല്ലാതായി. സ്വകാര്യ കാരണങ്ങളാൽ യുഎഇയിൽ നടക്കുന്ന ഐപിഎല്ലിൽ നിന്നും വിട്ടുനില്‍ക്കുന്നുവെന്നാണു രണ്ടു താരങ്ങളും നേരത്തേ അറിയിച്ചത്.

അടുത്ത വർഷം ഐപിഎൽ താരലേലം നടക്കാൻ സാധ്യതയില്ലാത്തതിനാല്‍ റെയ്നയ്ക്കും ഹർഭജനും ഐപിഎല്ലിലേക്കു തിരിച്ചു വരണമെങ്കിൽ ഇനി ഒരു സീസൺ കൂടി കാത്തിരിക്കേണ്ടിവരും. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാത്ത ചെന്നൈ സൂപ്പർ കിങ്സ് പോയിന്റ് പട്ടികയിൽ നിലവിൽ എട്ടാം സ്ഥാനത്താണ്. മുംബൈ ഇന്ത്യൻസിനെതിരായ ഒരു മത്സരം മാത്രമാണ് അവർ ജയിച്ചത്. രണ്ടു കളികൾ തോറ്റു. അതേസമയം അടുത്ത മത്സരത്തിൽ അംബാട്ടി റായുഡുവും ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോയും ചെന്നൈ ടീമിലേക്കു തിരികെയെത്തും.

pathram desk 1:
Related Post
Leave a Comment