വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബി ജോര്‍ജിന് വീണ്ടും നുണപരിശോധന

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കലാഭവന്‍ സോബി ജോര്‍ജിന് വീണ്ടും നുണപരിശോധന. ചൊവ്വാഴ്ച വീണ്ടും നുണപരിശോധനയ്ക്ക് ഹാജരാകാനാണ് സി.ബി.ഐ. സംഘം സോബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാനുണ്ടെന്നും ചൊവ്വാഴ്ച രാവിലെ 9.30-ന് ഹാജരാകാനാണ് സി.ബി.ഐ. സംഘം നിര്‍ദേശിച്ചതെന്നും കലാഭവന്‍ സോബി പറഞ്ഞു.

തിങ്കളാഴ്ച ഹാജരാകാനായിരുന്നു ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ അന്നേദിവസം വ്യക്തിപരമായ അസൗകര്യമുണ്ടായതിനാല്‍ ചൊവ്വാഴ്ച വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസത്തെ പരിശോധനയില്‍ കുറച്ചുകാര്യങ്ങള്‍ മാത്രമേ ചോദിച്ചിരുന്നുള്ളു. മാത്രമല്ല, സംശയമുള്ളവരുടെ ചിത്രങ്ങളും കാണിച്ചുതന്നിരുന്നില്ല. ഇക്കാര്യം അന്വേഷണസംഘത്തോട് പറഞ്ഞപ്പോള്‍ വീണ്ടും വിളിപ്പിക്കാമെന്ന് കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നതായും കലാഭവന്‍ സോബി പറഞ്ഞു. സി.ബി.ഐ.യുടെ അന്വേഷണം നൂറ് ശതമാനവും ശരിയായ വഴിയിലാണ് പുരോഗമിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലഭാസ്‌കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നാണ് കലാഭവന്‍ സോബിയുടെ ആരോപണം. അപകടത്തില്‍പ്പെടുന്നതിന് മുമ്പ് ബാലഭാസ്‌കറിന്റെ വാഹനം ഒരു സംഘം ആക്രമിച്ചത് താന്‍ നേരിട്ട് കണ്ടതായും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് സംഭവസ്ഥലത്തുണ്ടായിരുന്നതായും സോബി ആരോപിച്ചിരുന്നു.

കേസില്‍ ദുരൂഹത നിലനിന്നിരുന്നതിനാലാണ് കലാഭവന്‍ സോബി, ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായ വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി, ഡ്രൈവറായിരുന്ന അര്‍ജുന്‍ എന്നിവരെ സി.ബി.ഐ. നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.

വെള്ളിയാഴ്ചയായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെയും, പ്രകാശന്‍തമ്പിയുടെയും നുണപരിശോധന നടത്തിയത്. കഴിഞ്ഞദിവസം വിഷ്ണുവിനെയും കലാഭവന്‍ സോബിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കി. ഈ പരിശോധനകളുടെ ഫലം ഒരാഴ്ചക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

pathram:
Related Post
Leave a Comment