എം.എം.ഹസന്‍ യുഡിഎഫ് കണ്‍വീനര്‍ ആയേക്കും

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ബെന്നി ബഹ്നാന്‍ രാജി പ്രഖ്യാപിച്ചതോടെ തല്‍സ്ഥാനത്തേയ്ക്ക് എം.എം.ഹസന്‍ എത്താന്‍ സാധ്യത. മുന്‍ധാരണ പ്രകാരമാണ് ബെന്നി ബഹ്നാന്‍ സ്ഥാനമൊഴിഞ്ഞതെന്നാണ് സൂചന. എംപിയായതോടെ ബെന്നി ബഹ്നാനെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചനയുണ്ടായിരുന്നു. ഇക്കാര്യം അറിയിച്ച് കെപിസിസി ഹൈക്കമാന്‍ഡിന് കത്തയക്കുകയും ചെയ്തു. എന്നാല്‍ മറുപടി വൈകിയതിനാല്‍ രാജിവയ്ക്കുന്നത് നീണ്ടുപോകുകയായിരുന്നു

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായതോടെ സ്ഥാനം നഷ്ടപ്പെട്ട എം.എം.ഹസനെ യുഡിഎഫ് കണ്‍വീനാറാക്കാനായിരുന്നു എ ഗ്രൂപ്പ് തീരുമാനം. ഹൈക്കമാന്‍ഡ് നിര്‍ദേശം വരാതെ മാറില്ലെന്ന് ബെന്നി ബഹ്നാന്‍ നിലപാടെടുത്തതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ് രാജിപ്രഖ്യാപനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടെങ്കിലും ബെന്നി ബഹ്നാന്‍ ഇക്കാര്യം നിഷേധിച്ചു. സ്ഥാനം ഒഴിയാന്‍ ഉമ്മന്‍ചാണ്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സൗഹാര്‍ദപരമായ ഒഴിഞ്ഞുപോക്കാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുമായി തനിക്ക് അഭിപ്രായഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ വേദനിപ്പിച്ചുവെന്നും ഇത്തരം അവസരങ്ങള്‍ക്ക് അറുതിവരുത്താന്‍ തനിക്കേ കഴിയുവെന്നതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബെന്നി ബഹ്നാന്റെ നാടകീയ രാജി പ്രഖ്യാപനത്തില്‍ മുണണിക്കുള്ളില്‍ അമ്പരപ്പുണ്ട്. മുന്നണി കണ്‍വീനറുടെ രാജി ഭരണപക്ഷം ആയുധമാക്കുമെന്നാണ് ഘടകകക്ഷി നേതാക്കള്‍ വിലയിരുത്തല്‍

pathram:
Leave a Comment