ദക്ഷിണേന്ത്യന്‍ ഗായകര്‍ എത്ര മിടുക്കരായാലും അവരെ തിരസ്‌കരിക്കുന്ന സമ്പ്രദായമാണു ബോളിവുഡിനുള്ളത്. സാക്ഷാല്‍ യേശുദാസിനുപോലും ഈ അദൃശ്യവിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെയാണ് എസ്പിബി വേറിട്ടു നില്‍ക്കുന്നത്. ഒരുപക്ഷേ, ബോളിവുഡ് വിലക്കുകളൊന്നും വിലപ്പോകാതിരുന്ന ഏക ദക്ഷിണേന്ത്യന്‍ ഗായകന്‍. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഏതു ചായക്കടയില്‍ വച്ചും ഈ ശബ്ദം നിങ്ങളെ തൊട്ടേക്കാം.
മേ ഷായര്‍ തോ നഹിം… എന്ന സൂപ്പര്‍ ഹിറ്റുമായി വന്ന ശൈലേന്ദ്ര സിങ്ങിനെ പോലും ഒതുക്കിയ നാടാണ് ഹിന്ദി. ഹം തും എക് കമ്രേ മേ ബന്ദ് ഹോ…. എന്ന സര്‍വകാല ഹിറ്റ് ലതാ മങ്കേഷ്‌കര്‍ക്കൊപ്പം സൃഷ്ടിച്ച അദ്ദേഹത്തിനുപോലും അവിടെ പിടിച്ചു നില്‍ക്കാനായില്ല. ഗോരി തേരാ ഗാവ് ബഡാ പ്യാരായില്‍ ഹിന്ദിയില്‍നിന്നു ദേശീയ പുരസ്‌കാരം നേടിയ യേശുദാസിനും ശുഭകരമായിരുന്നില്ല അവിടെ കാര്യങ്ങള്‍.
എസ്പിബിയുടെയും ബോളിവുഡിലെ തുടക്കം ശുഭകരമായിരുന്നില്ല. ഹിന്ദി ഉച്ചാരണം ശരിയല്ലെന്നുപറഞ്ഞ് പ്രശസ്ത സംഗീത സംവിധായകര്‍തന്നെ മാറ്റി നിര്‍ത്തിയ കാലത്താണ് ലക്ഷ്മികാന്ത്പ്യാരേലാല്‍ സംഗീതം നല്‍കിയ ‘ഏക് ദൂജേ കേലിയേ’യിലൂടെ ഹിന്ദിയില്‍ അശ്വമേഥം നടത്തിയത്. മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും (1981) ഈ ദക്ഷിണേന്ത്യക്കാരന്‍ സ്വന്തമാക്കി.
‘തേരേ മേരേ ബീച്ച് മേ
കൈസാ ഹേയേ ബന്ധന്‍…’ …
എന്നു പാടാത്ത പാട്ടുസ്‌നേഹികള്‍ കുറവ്!. പിന്നീട് ഹിന്ദിയില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ‘സാജന്‍’ എന്ന സൂപ്പര്‍ ഹിറ്റ് വിജയത്തിലെ നിര്‍ണായക ശബ്ദമായി ഈ തെലുങ്കന്‍.
തുംസേ മില്‍നേ കി തമന്നാ ഹേ
പ്യാര്‍ കാ ഇരാദാ ഹേ….
എന്ന താളത്തിനൊപ്പം ഇന്ത്യ നൃത്തം വച്ച രാവുകള്‍.
ദേഖാ ഹേ പഹലി ബാര്‍
സാജന് കി ആഖോം മേ പ്യാര്‍….
എന്നു പാടിയ നായികയുടെ സാജനായി ഇന്ത്യന്‍ കാമുകിമാരുടെ ഉറക്കം കെടുത്തിയ ശബ്ദം. പിന്നീടിങ്ങോട്ട് ഷാരൂഖ് ഖാന്റെ ‘ചെന്നൈ എക്‌സ്പ്രസി’ന്റെ ”നികല്‍ ന ജായേ…” എന്ന ടൈറ്റില്‍ സോങ് വരെ.
Leave a Comment