ലൈഫ് മിഷന്‍ കമ്മീഷന്‍ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ലൈഫ് മിഷന്‍ കമ്മീഷന്‍ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി ഒന്നരമാസത്തിന് ശേഷമാണ് കമ്മിഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച്‌ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ ഇടപാടിനെപ്പറ്റി സ്വര്‍ണക്കടത്ത് ‌കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയിലൂടെയാണ്‌ പുറത്തുവന്നത്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള ആക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കുമെന്നാണ് വിജലന്‍സ് അന്വേഷണത്തിനുള്ള ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഏതെങ്കിലും ഒരുകാര്യത്തെപ്പറ്റി അന്വേഷിക്കുമെന്നല്ല പകരം വിവാദവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. തദ്ദേശവകുപ്പ് പ്രതിനിധികളടക്കമുള്ളവര്‍ ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ച ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിലേക്ക് പോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് ശേഷം സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയായിരുന്നു.

എന്നാല്‍ വിജിലന്‍സ് അന്വേഷണത്തിന്റെ പ്രഖ്യാപനം ഓഗസ്റ്റ് 24 ന് നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്‌. എല്ലാ വിവരങ്ങളും പുറത്തുവരട്ടെ, അന്വേഷിക്കാം എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാനം കൂടി ഉണ്ടെന്നാണ് വ്യക്തമാകുന്നത്.

കാരണം ഇന്നുമുതല്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗങ്ങളും, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാനയോഗങ്ങളും വരുന്ന ദിവസങ്ങളില്‍ നടക്കുകയാണ്. ലൈഫ്മിഷന്‍, സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ ഈ യോഗങ്ങളില്‍ ചര്‍ച്ചയാകും.

ഈ ആരോപണങ്ങളില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യത്തിന് ഉത്തരമെന്നോണമാണ് ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണ ഉത്തരവ് എന്നും അനുമാനിക്കാം. അതേസമയം വിജിലന്‍സ് അന്വേഷണമല്ല സിബിഐ അന്വേഷണമാണ് വേണ്ടതെന്ന നിലപാടിലാണ് പ്രതിപക്ഷം.

pathram:
Leave a Comment