കാസർകോട്: ജ്വല്ലറി നിക്ഷപ തട്ടിപ്പ് കേസിൽ നിന്ന് എം സി കമറുദ്ദീൻ എംഎൽഎയെ രക്ഷിക്കാൻ സർക്കാരും പൊലീസും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. കമറുദ്ദീനെ രക്ഷിക്കുക എന്ന നിലപാടാണ് സി പി എമ്മിനും സർക്കാരിനുള്ളത്. സി പി എമ്മും മുസ്ലീം ലീഗും തമ്മിൽ വ്യക്തമായ രാഷ്ട്രീയ ധാരണയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പാണ് കാസർകോട്ടേത്. 50 വഞ്ചന കേസുകളിൽ വ്യക്തമായ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടും എം എൽ എ സ്വൈര്യ വിഹാരം നടത്തുകയാണ്. ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. പൊതുവേദികളിൽ എൽഡിഎഫ് നേതാക്കൾക്കൊപ്പം പങ്കെടുക്കുന്നുമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടില്ല എന്നുറപ്പ് പൊലീസ് നൽകിയിട്ടുള്ളതു കൊണ്ടാണിത്. അല്ലെങ്കിൽ ഒരു തട്ടിപ്പ് കേസ് പ്രതിക്ക് എങ്ങനെ സ്വൈര്യ വിഹാരം നടത്താനാകും. എന്തുകൊണ്ടാണ് എം സി കമറുദ്ദീനെ അറസ്റ്റ് ചെയ്യാത്തത്. ഒരു ചോദ്യം ചെയ്യലിന് പോലും കമറുദ്ദീൻ വിധേയനാകുന്നില്ലല്ലോ.
സിപിഎം ലീഗ് ധാരണയിലാണ് കാസർകോട്ട് 3 പഞ്ചായത്തുകൾ ഭരിക്കുന്നത്. നിയസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ രാഷട്രീയ ധാരണയോടെ പ്രവർത്തിക്കാനുള്ള മുന്നൊരുക്കമാണിത്. സി പി എം എന്തിന് കമറുദ്ദീനെ സംരക്ഷിക്കുന്നു. 150 കോടി കോടതി ബാഹ്യമായി എങ്ങനെ ലീഗ് നേതാക്കൾ തിരിച്ചു കൊടുക്കും? അത് വൈറ്റ് മണിയോ ബ്ലാക്ക് മണിയോ?എവിടുന്ന് പണം സമാഹരിക്കും? എങ്ങനെ തിരിച്ചു കൊടുക്കും. ഇടപാടുകളെല്ലാം ദുരൂഹമാണ് .
ഒരു മാസമായിട്ടും കേസിൽ അന്വേഷണം ഒരിഞ്ചു പോലും മുന്നോട്ട് പോയില്ല. കമറുദ്ദീനെ രക്ഷിക്കാനുള്ള വഴി സി പി എം ഒരുക്കുന്നുണ്ട്. കമറുദ്ദീനെ സഹായിക്കുന്ന സർക്കാർ നിലപാടിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം തുടരും. കുഞ്ഞാലിക്കുട്ടി പ്രതിയായ കേസുകളെല്ലാം രക്ഷിച്ചെടുത്തത് സി പി എമ്മല്ലേ. കമറുദ്ദീൻ കേസ് കേന്ദ്ര ഏജൻസിക്ക് വിടാൻ മുഖ്യമന്ത്രി തീരുമാനിക്കട്ടെ.
സ്വർണ്ണക്കടത്ത് കേസിലാണെങ്കിൽ, ഖുറാൻ്റെ മറവിൽ സ്വർണ കടത്ത് നടന്നിരിക്കാമെന്ന് മന്ത്രി പറയുന്നു. ഖുറാൻ്റെ മറവിൽ സ്വർണ കടത്തെന്ന ആരോപണം ഖുറാനെ അപമാനിക്കാനെന്ന് മുഖ്യമന്ത്രി പറയുന്നു. ഖുറാനെ അപമാനിച്ചത് ജലീലും സംഘവുമാണ്. മുഖ്യമന്ത്രി പുതിയ ബിൻലാദൻ ആകാൻ ശ്രമിക്കുകയാണ്. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ സ്വർണ്ണക്കടത്ത് കേസിൽ രക്ഷപ്പെടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. കോടിയേരി ബാലകൃഷ്ണൻ അൽ കോടിയേരി ആയിരിക്കുന്നു. ഇത്തവണ ചക്ക വീണാൽ മുയൽ ചാവില്ല. തുടർച്ചയായ വർഗീയ പ്രചാരണങ്ങൾ സി പി എമ്മിനകത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥം എന്ന ആയുധം സി പി എമ്മിന് തിരിച്ചടിയാകുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
Leave a Comment