കേന്ദ്ര വനിതാ കമ്മിഷന്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന്‍ ?

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദന്റെ പേര് കേന്ദ്ര വനിതാ കമ്മിഷന്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ശോഭാസുരേന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിശോധിക്കുകയാണെന്നാണ് വിവരം. അതേസമയം ഇതേക്കുറിച്ച് ശോഭാ സുരേന്ദ്രന്‍ പ്രതികരിക്കാന്‍ തയാറായില്ല.

ബി ജെ പി സംസ്ഥാന സമിതി പുനഃസംഘടനക്ക് ശേഷം പൊതുരംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണ് ശോഭാ സുരേന്ദ്രന്‍. അധ്യക്ഷപദവിയിലേക്ക് ശോഭാസുരന്ദ്രന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും കെ സുരേന്ദ്രന്‍ അധ്യക്ഷ പദവിയിലെത്തിയതിന് ശേഷം നടത്തിയ പുനഃസംഘടനയിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവരെ മാറ്റി വൈസ് പ്രസിഡന്റാക്കിയത്.

ഇതിലുള്ള അതൃപ്തിയാണ് ശോഭയുടെ പാര്‍ട്ടി പരിപാടികളിലെ അസാന്നിധ്യത്തിന് കാരണമെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസിലും മറ്റും നടന്ന സമരപരമ്പരകളില്‍ ഒന്നും അവര്‍ പങ്കെടുത്തിരുന്നില്ല. ഇത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു. വൈസ് പ്രസിഡന്റാക്കി ഒതുക്കി എന്ന വികാരമാണ് അവരെ പിന്തുണക്കുന്നവര്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ശോഭയെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലായെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ പദവി നല്‍കി ശോഭ സുരേന്ദ്രന് അംഗീകാരം നല്‍കി പ്രശ്‌നപരിഹാരത്തിനാണ് നീക്കങ്ങള്‍ നടക്കുന്നത്.

pathram:
Related Post
Leave a Comment