പൗരന്മാരുടെ പ്രതിഷേധിക്കാന്‍ ഉള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പൗരന്മാരുടെ പ്രതിഷേധിക്കാന്‍ ഉള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി. പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ഡല്‍ഹി ഷഹീന്‍ ബാഗിലെ പ്രതിഷേധ സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മാര്‍ച്ച് മാസം നല്‍കിയ ഹര്‍ജിയിലെ ആവശ്യം ഇപ്പോള്‍ അപ്രസക്തം ആണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന സമരങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പഞ്ചാബിലും ഹരിയാണയിലും നടന്ന കര്‍ഷക സമരങ്ങള്‍ ഇതിന് ഉദാഹരണം ആണെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് പ്രതിഷേധ സമരവും സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണമെന്ന് കോടതി നിരീക്ഷിച്ചത്.

പ്രതിഷേധ സമരം നടത്തുന്നതിന് പൊതുനയം പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടാന്‍ അവസരം ഉണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ എപ്പോള്‍ എങ്ങനെ സംവാദം നടക്കണം എന്നതിലാണ് വിഷയമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഉത്തരവ് ഇറക്കുമെന്നും കോടതി അറിയിച്ചു.

pathram:
Related Post
Leave a Comment