മന്ത്രി കെ.ടി.ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ലെന്ന് ആവര്‍ത്തിച്ച് കാനം രാജേന്ദ്രന്‍

മന്ത്രി കെ.ടി.ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടതി പരാമര്‍ശം വന്നപ്പോള്‍ മുന്‍പ് മന്ത്രിമാര്‍ മാറി നിന്നിട്ടുണ്ട്. ജുഡീഷ്യല്‍ കമ്മീഷന്‍ വന്നിട്ടും മാറി നില്‍ക്കാതെയുള്ള കീഴ്വഴക്കം ഉമ്മന്‍ ചാണ്ടിയാണ് തുടങ്ങിവച്ചതെന്ന് കാനം ആരോപിച്ചു.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ടെന്നും അന്വേഷണം ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. അന്വേഷണം ആവശ്യപ്പെട്ടത് ഏജന്‍സികള്‍ക്ക് കൊള്ളരുതായ്മ കാണിക്കാനല്ലെന്നും കാനം പറയുന്നു. പാഴ്സല്‍ അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മാസങ്ങളായി അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും കാനം പറയുന്നു.

അതേസമയം, സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് പാര്‍ട്ടി പ്രതിനിധികളെ പതിവായി ഒഴിവാക്കുന്നതായി സിപിഐ ആരോപിച്ചു. ശ്രീനാരായണ ഗുരുവിന്റെ പൂര്‍ണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങിലും പതിവ് ശീലം ആവര്‍ത്തിച്ചത് പ്രതിഷേധാര്‍ഹമെന്ന് സിപിഐ ജില്ലാ നേതൃത്വം പരസ്യമായി പ്രതികരിച്ചു. എന്നാല്‍ പരിപാടിയിലേക്ക് സിപിഐ പ്രതിനിധികളെ ക്ഷണിച്ചിരുന്നതായും പിണങ്ങി മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രതികരിച്ചു. വിഷയം രാഷ്ട്രീയ പ്രശ്നമല്ലെന്നും ഔചിത്യമില്ലായ്മയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപിച്ച ശ്രീനാരായണഗുരുവിന്റെ പൂര്‍ണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങാണ് സിപിഐയുടെ പരസ്യ പ്രതിഷേധത്തിന് ഇടയാക്കിയത്. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, മുന്‍മന്ത്രിയും എംഎല്‍എയുമായ സി ദിവാകരന്‍ എന്നിവരെ ചടങ്ങില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്ന് സിപിഐ ജില്ലാ നേതൃത്വം പ്രതികരിച്ചു. ആദ്യം പുറത്തിറക്കിയ പരിപാടിയുടെ പ്രചരണ നോട്ടിസില്‍ സിപിഐ പ്രതിനിധികള്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍, സിപിഐയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയുടെ പേരുള്‍പ്പെടുത്തി മറ്റൊരു നോട്ടിസിറക്കിയിരുന്നു. ഇതില്‍, ആശംസാ പ്രാസംഗികനായാണ് ശശിയെ ഉള്‍പ്പെടുത്തിയത്. കാഴ്ചക്കാരും കേള്‍വിക്കാരും മാത്രമായി ഇരിക്കാന്‍ തങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഐ പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു. പാര്‍ട്ടിയെ ഒഴിവാക്കിയത് ഔചിത്യമില്ലായ്മയെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം

pathram:
Related Post
Leave a Comment