കോഴിക്കോട്: വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിത്യ സന്ദര്‍ശനം നടത്തി എന്നതിന്റെ പേരില്‍ കോഴിക്കോട്ടെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ നല്‍കി കേരള പോലീസ്. കണ്‍ട്രോള്‍ റൂമിലെ ഉമേഷ് വള്ളിക്കുന്ന് എന്ന സി.പി.ഒയ്ക്കാണ് സദാചാര പോലീസ് ചമഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഷര്‍ ഉത്തരവ് അടിച്ച് നല്‍കിയിരിക്കുന്നത്. യുവതിയുടെ അമ്മയുടെ പരാതിയിലാണ് നടപടിയെന്നാണ് പോലീസ് വിശദീകരണം.
തനിച്ച് താമസിക്കുന്ന യുവതിക്ക് പോലും പോലീസ് പറയുന്ന വിഷയത്തില്‍ പരാതിയില്ലാതെയാണ് യുവതിയുടെ അമ്മയുടെ പരാതിയിന്‍മേല്‍ ഉമേഷിനെതിരേ നടപടിയെടുത്തിരിക്കുന്നത്. മറ്റൊരാളുടെ പരാതിയില്‍ ഇത്തരമൊരു കാരണം പറഞ്ഞ് പോലീസുകാരനെതിരേ നടപടിയെടുത്തതില്‍ സിവില്‍ സ്റ്റേഷനിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവതി ഉന്നത വൃത്തങ്ങളില്‍ പരാതി നല്‍കാനും ഒരുങ്ങുകയാണ്. മാത്രമല്ല കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വനിതാ പോലീസുകാര്‍ പോലുമില്ലാതെ തന്റെ ഫ്‌ളാറ്റിലെത്തിയ സ്‌പെഷ്യല്‍ എ.സി.പിയടക്കമുള്ളവര്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്ന മറ്റൊരു പരാതിയും യുവതി നല്‍കിയിട്ടുണ്ട്.
സ്‌കൂള്‍ കൗണ്‍സിലറും ഗായികയുമായ യുവതി വീട്ടുകാരുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തം ഫ്‌ളാറ്റെടുത്തായിരുന്നു താമസം. ഇവരുടെ സുഹൃത്തുക്കളില്‍ ഒരാളാണ് ഉമേഷ് വള്ളിക്കുന്ന്. യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പോലീസുകാരന്‍ ഫ്‌ളാറ്റെടുത്ത് നല്‍കിയെന്നും ഉമേഷില്‍ നിന്നും മകളെ രക്ഷിക്കണമെന്നുമുള്ള യുവതിയുടെ അമ്മയുടെ പരാതിയിലാണ് സസ്‌പെന്‍ഷന്‍ എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയായ തനിക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്തുള്ളതാണ് പോലീസുകാരനെതിരായ നടപടിയെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു.
വിവാഹമോചനത്തിനൊരുങ്ങുന്ന പോലീസുകാരന്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ഫ്‌ലാറ്റിലെത്തി യുവതിയുമായി അടുത്തിടപഴകുന്നു, നിത്യ സന്ദര്‍ശനം നടത്തുന്നു, യുവതി ഭാര്യയാണെന്ന് ബ്രോക്കറെ തെറ്റിദ്ധരിപ്പിച്ച് ഫ്‌ളാറ്റെടുത്തു തുടങ്ങിയ കാരണങ്ങളാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്.
മുമ്പ് സിറ്റി പോലീസ് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാറിനെതിരേ ശബരിമല സമര സമയത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് സസ്‌പെന്‍ഷനിലായിരുന്നു അന്ന് ക്രൈംബ്രാഞ്ചില്‍ ജോലി ചെയ്യുകയായിരുന്ന ഉമേഷ്. തുടര്‍ന്ന് കാളിരാജ് മഹേഷ് കുമാര്‍ സ്ഥലം മാറി പോവുകയും ചെയ്തു. സസ്‌പെന്‍ഷന് ശേഷം കണ്‍ട്രോള്‍ റൂമിലേക്ക് മാറി ജോലി തുടര്‍ന്ന് വരികെയാണ് ഫ്‌ളാറ്റെടുത്തതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായിരിക്കുന്നത്.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അതിന്റെ പേരില്‍ ജോലി പോയാലും ഒരാളുടെ മുന്നിലും തല കുനിക്കില്ലെന്നും ഉമേഷ് ഫെയ്‌സുബുക്കില്‍ കുറിച്ചു. തനിക്കെതിരെ കാരണമുണ്ടാക്കി നിരന്തരം വേട്ടയാടി ജോലി കളയാന്‍ നോക്കി പക തീര്‍ക്കുകയാണെന്നും ഉമേഷ് പ്രതികരിച്ചു.
Leave a Comment