ഒറ്റത്തവണത്തെ ഉപയോഗം കൊണ്ടുതന്നെ അടിമയാകും…ആദിത്യ ആല്‍വ ലഹരി പാര്‍ട്ടിയില്‍ വിളമ്പിയത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന എക്സ്റ്റസി

ബെംഗളൂരു: കന്നഡ സിനിമാമേഖലയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് പതിമൂന്ന് ദിവസം പിന്നിടുമ്പോഴും മുഖ്യപ്രതിയും ലഹരി പാര്‍ട്ടിയുടെ ആസൂത്രകനുമായ ആദിത്യ ആല്‍വ എവിടെയാണെന്നു യാതൊരു സൂചനയുമില്ലാതെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ്.

ഹെബ്ബാള്‍ തടാകത്തോടു ചേര്‍ന്ന് നാല് ഏക്കറോളമുള്ള ആദിത്യയുടെ ഫാം ഹൗസിലും പ്രൊഡക്ഷന്‍ കമ്പനി ഉടമ വിരേന്‍ ഖന്നയുടെ അപാര്‍ട്‌മെന്റിലും വച്ചാണ് ലഹരി പാര്‍ട്ടികള്‍ നടത്തിയിരുന്നതെന്ന് കൃത്യമായ തെളിവുകളും മൊഴികളും ലഭിച്ചിട്ടും കഴിഞ്ഞ ദിവസം മാത്രമാണ് ഫാം ഹൗസില്‍ റെയ്ഡ് നടന്നത്.

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനും കര്‍ണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനുമായ ആദിത്യ ആല്‍വയെ സംരക്ഷിക്കാന്‍ ഉന്നതതല നീക്കം നടക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നതിനിടെയായിരുന്നു ക്രൈംബ്രാഞ്ചിന്റെ പരിശോധന. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രാസ ലഹരിമരുന്നായ മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ എന്ന എംഡിഎംഎ ലഹരി പാര്‍ട്ടികളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

എക്സ്റ്റസി, മോളി, എക്സ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഒറ്റത്തവണത്തെ ഉപയോഗം കൊണ്ടുതന്നെ അടിമയാകും. ചികിത്സാരംഗത്ത് ഇത് ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. ഒരു ഗുളികയ്ക്ക് 1500 മുതല്‍ 2500 വരെ രൂപ വില വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സിനിമാ സെറ്റുകളിലെത്തുന്ന ചില നടിമാരുടെ വാനിറ്റി ബാഗുകളില്‍ ലഹരിമരുന്ന് പതിവാണെന്നും കന്നഡ സിനിമയിലെ പല താരങ്ങളും ലഹരിക്ക് അടിമയാണെന്നും ചലച്ചിത്ര സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നടി രാഗിണി ദ്വിവേദി, രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍, പ്രൊഡക്ഷന്‍ കമ്പനി ഉടമ വിരേന്‍ ഖന്ന, സഞ്ജന ഗല്‍റാണി തുടങ്ങി നിരവധി പ്രമുഖര്‍ അറസ്റ്റിലായത്.

മാസങ്ങള്‍ക്ക് മുമ്പ് കര്‍ണാടക പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് കളിക്കാരെ ഹണിട്രാപ്പില്‍ കുടുക്കി വാതുവയ്പിനു പ്രേരിപ്പിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. കന്നഡ നടിമാര്‍ക്കൊപ്പം കളിക്കാര്‍ വിദേശത്ത് സമയം ചെലവഴിച്ചതിന് തെളിവുകളും പുറത്തു വന്നിരുന്നു. സംഭവത്തില്‍ ലഹരി ഇടപാടുകള്‍ സംശയിച്ച് പൊലീസ് രംഗത്തു വന്നിരുന്നുവെങ്കിലും ആര്‍ക്കെതിരെയും നടപടി എടുത്തിരുന്നില്ല. ആദിത്യ ആല്‍വയുടെയും വിരേന്‍ ഖന്നയുടെ നേതൃത്വത്തില്‍, നടിമാരെ ഉപയോഗിച്ച് നിരവധിപ്പേരെ ഹണിട്രാപ്പില്‍ കുടുക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

pathram:
Related Post
Leave a Comment