സ്പെഷ്യൽ സ്കൂൾ കുട്ടികൾക്ക് ഈന്തപ്പഴം വിതരണം നടന്നത് ഉദ്ഘാടനച്ചടങ്ങിൽ മാത്രം

തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിന്റെ പദ്ധതിയിൽ സംസ്ഥാനത്ത് സ്പെഷ്യൽ സ്കൂൾ, ബഡ്‌സ് സ്കൂൾ കുട്ടികൾക്ക് ഈന്തപ്പഴം വിതരണം നടന്നത് ഉദ്ഘാടനച്ചടങ്ങിൽ മാത്രമെന്ന് റിപ്പോര്‍ട്ട്. 2017-ൽ റംസാന്റെ ഭാഗമായാണ് നാൽപ്പതിനായിരത്തോളം പ്രത്യേക സ്കൂൾ വിദ്യാർഥികൾക്ക് ഈന്തപ്പഴം വിതരണംചെയ്യാൻ കോൺസുലേറ്റ് തീരുമാനിച്ചത്. എന്നാൽ, ഉദ്ഘാടനത്തിൽ 15 കുട്ടികൾക്ക് ഈന്തപ്പഴം വിതരണം ചെയ്തിരുന്നെങ്കിലും സ്കൂളുകളിൽ ഇത് എത്തിച്ചിരുന്നില്ലെന്ന് ബഡ്‌സ് സ്കൂളുകളുടെ ചുമതലയുള്ള കുടുംബശ്രീ അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നരവർഷംകൊണ്ട് കോൺസുലേറ്റിലേക്ക് 17,000 കിലോ ഈന്തപ്പഴം എത്തിയിരുന്നെന്ന കണക്ക് സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ സംശയങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്.

സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്നാ സുരേഷും യു.എ.ഇ. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയും പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അദ്ദേഹത്തിന്റെ ചേംബറിൽ െവച്ചുതന്നെ പരിപാടി ഉദ്ഘാടനം ചെയ്തത്. പൂജപ്പുര ചിൽഡ്രൻസ് ഹോമിലെ 15 വിദ്യാർഥികൾക്ക് ഈന്തപ്പഴം നൽകിയായിരുന്നു ഉദ്ഘാടനം. ഓരോ കുട്ടിക്കും 250 ഗ്രാം വീതം ഈന്തപ്പഴം വിതരണം ചെയ്യുമെന്നാണ് അന്ന് അറിയിച്ചിരുന്നത്.

എന്നാൽ, ബഡ്സ് സ്കൂളുകളിൽ ഈന്തപ്പഴ വിതരണം നടന്നതായി അറിയില്ലെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. ചാരിറ്റി പോലുള്ള സഹായങ്ങൾ കുടുംബശ്രീ സ്വീകരിക്കില്ല. ബഡ്സ് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനങ്ങൾക്കാണ് സ്കൂളുകളുടെ നടത്തിപ്പ് ചുമതല. തദ്ദേശസ്ഥാപന പ്രതിനിധി, രക്ഷകർത്താക്കളുടെ പ്രതിനിധി, അധ്യാപക പ്രതിനിധി എന്നിവർ ഉൾപ്പെട്ട മാനേജിങ് കമ്മിറ്റി രജിസ്റ്റർ ചെയ്യുന്ന സൊസൈറ്റിയാണ് ചാരിറ്റി പോലുള്ളവ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്നും കുടുംബശ്രീ അധികൃതർ അറിയിച്ചു.

2016 ഒക്ടോബറിൽ തിരുവനന്തപുരത്ത് യു.എ.ഇ. കോൺസുലേറ്റ് ആരംഭിച്ച ശേഷം കോൺസൽ ജനറലിന്റെ സ്വന്തം ആവശ്യത്തിനായി 17,000 കിലോഗ്രാം ഈന്തപ്പഴം എത്തിയിട്ടുണ്ടെന്നാണ് സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് കണ്ടെത്തിയത്. സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾക്കായി ഈന്തപ്പഴ വിതരണം നടന്നില്ലെന്ന സ്ഥിരീകരണം വന്നതോടെ ഇക്കാര്യത്തിലുള്ള സംശയം വർധിച്ചിട്ടുണ്ട്. ഈന്തപ്പഴത്തിന്റെ മറവിൽ സ്വർണം കടത്തിയോ എന്നതും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

pathram:
Related Post
Leave a Comment