ധോണിയുടെ മടങ്ങിവരവാണ് ഈ ഐപിഎല്‍ സീസണിലെ എറ്റവും ആകര്‍ഷകമായ ഘടകം സേവാഗ്

മുംബൈ: ദീര്‍ഘനാളായി സജീവ ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്രസിങ് ധോണിയുടെ മടങ്ങിവരവാണ് ഈ ഐപിഎല്‍ സീസണിലെ ഏറ്റവും ആകര്‍ഷകമായ ഘടകമെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. ഐപിഎല്‍ 13ാം സീസണിന് യുഎഇയില്‍ ശനിയാഴ്ച തുടക്കമാകാനിരിക്കെയാണ് ധോണിയുടെ തിരിച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പ് സേവാഗ് ചൂണ്ടിക്കാട്ടിയത്. ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്.

‘കളിക്കാരും കാണികളും ഉള്‍പ്പെടെയുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ സ്‌പെഷലായ ഒരു ഐപിഎല്‍ സീസണായിരിക്കും ഇത്. മഹേന്ദ്രസിങ് ധോണിയുടെ തിരിച്ചുവരവാകും ഈ സീസണിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ച. ഇതുള്‍പ്പെടെ ഒട്ടേറെ ആകര്‍ഷണങ്ങളാണ് ഇക്കുറി ഐപിഎല്ലില്‍ ഉള്ളത്. അതെല്ലാം എടുത്തു പറയണോ?’ സേവാഗ് ചോദിച്ചു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോടു തോറ്റശേഷം ധോണി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടില്ല. ധോണി സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത് കാത്തിരുന്ന ആരാധകരെ ഞെട്ടിച്ച് ഓഗസ്റ്റ് 15ന് താരം രാജ്യാന്തര ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കലും പ്രഖ്യാപിച്ചു. ഒരു വര്‍ഷം പിന്നിടുന്ന ഇടവേളയ്ക്കുശേഷം ധോണി വീണ്ടും കളത്തിലിറങ്ങാനിരിക്കെയാണ് ആ തിരിച്ചുവരവാണ് ഇത്തവണ ഐപിഎല്ലിന്റെ ഹൈലൈറ്റെന്ന സേവാഗിന്റെ അഭിപ്രായപ്രകടനം

ഇത്തവണ ലോക്ഡൗണ്‍ സമയത്ത് പഴയ മത്സരങ്ങള്‍ കാണാനും വിശകലനം ചെയ്യാനും ഏറെ സമയം ചെലവഴിച്ചതായും സേവാഗ് വിശദീകരിച്ചു. ‘പഴയ മത്സരങ്ങള്‍ കാണാനും അവയെ ഇഴകീറി പരിശോധിക്കാനും ഒട്ടേറെ സമയം ചെലവഴിച്ചു. എന്റെ പഴയ ഇന്നിങ്‌സുകളും അക്കൂട്ടത്തില്‍ കണ്ട് വിശകലനം ചെയ്തു. ഇന്ത്യക്കാരെ സംബന്ധിച്ച് നമ്മുടെ ഡിഎന്‍എയുടെ ഭാഗമാണ് ക്രിക്കറ്റും. അതുകൊണ്ടാണ് ക്രിക്കറ്റിന്റെ മടങ്ങിവരവിനായി നാം ഇത്രയേറെ ആകാംക്ഷയോടെ കാത്തിരുന്നത്’ സേവാഗ് പറഞ്ഞു.

pathram:
Related Post
Leave a Comment