സ്വപ്നയെ പരിചരിച്ച നഴ്‌സ്മാരുടെ ഫോണ്‍ വിളികളില്‍ വകുപ്പുതല അന്വേഷണം

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സ്വപ്ന സുരേഷിനെ പരിചരിച്ച നഴ്‌സ്മാരുടെ ഫോണ്‍ വിളികളില്‍ വകുപ്പുതല അന്വേഷണം. സ്വപ്ന ആശുപത്രിയില്‍ നിന്നും നഴ്‌സുമാരുടെ ഫോണില്‍ ഉന്നതരുമായി ബന്ധപെട്ടു എന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. എന്നാല്‍ സ്വപ്നസുരേഷ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് കാവല്‍ ഉണ്ടായിരുന്നെന്നുമാണ് നഴ്‌സ്മാരുടെ വിശദീകരണം.

സ്വപ്ന സുരേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിചരിച്ച നഴ്‌സ്മാരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കും. പൊലീസുകാര്‍ കാവലുണ്ടായിരുന്നെന്നും സ്വപ്ന ഫോണ്‍ വിളിച്ചിട്ടില്ലെന്നുമാണ് നഴ്‌സുമാരുടെ വിശദീകരണം. ഇക്കാര്യങ്ങള്‍ പരിശോധിച്ച് മെഡിക്കല്‍ കോളജ് മേധാവി ജയില്‍ സൂപ്രണ്ടിന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. അതേസമയം സ്വപ്ന സുരേഷിന്റെ ആശുപത്രി ചികിത്സ ആസൂത്രിതമാണെന്നും മൊഴികള്‍ ചോര്‍ത്തുന്നതിനുള്ള നീക്കമാണെന്നും അനില്‍ അക്കര എം.എല്‍.എ ആരോപിച്ചു.

സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ ആശുപത്രിയില്‍ നിന്നും ആരെങ്കിലുമായി ബന്ധപ്പെട്ടോ എന്ന് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും ആവശ്യപ്പെട്ടു. അതേസമയം, ഇരു പ്രതികളും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരും. ഇരുവര്‍ക്കും നാളെ വിദഗ്ധ പരിശോധനകള്‍ നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. സ്വപ്നയുടെ ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലില്‍ തടസമുണ്ടോയെന്ന് പരിശോധിക്കാന്‍ നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്തും. റമീസിനെ എന്‍ഡോസ്‌കോപിയ്ക്കു വിധേയമാക്കും.

pathram desk 1:
Related Post
Leave a Comment