കിഴുവിലത്ത് മന്ത്രവാദ ചികിത്സയ്ക്കിടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ക്ഷേത്രപൂജാരിയെ പൊലീസ് അറസ്റ്റുചെയ്തു. ചിറയിൻകീഴ് സ്വദേശി മുടപുരം തെന്നൂർക്കോണം ക്ഷേത്രപൂജാരി ശ്രീകുമാർനമ്പൂതിരി(67)യെയാണു ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ.സുരേഷ്, ചിറയിൻകീഴ് എസ്എച്ച്ഒ രാഹുൽരവീന്ദ്രൻ, എഎസ്ഐമാരായ ഹരി,ഷജീർ, സിപിഒ ശരത്ത് എന്നിവരടങ്ങിയ പൊലീസ് സംഘം പിടികൂടിയത്.
ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയോട് മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ക്ഷേത്ര വളപ്പിൽ തന്നെയുള്ള പൂജാരിയുടെ മുറിയിൽ എത്തിച്ചായായിരുന്നു മന്ത്രവാദകർമങ്ങൾ ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി മുറിയിൽനിന്ന് ഇറങ്ങിയോടുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നത്രേ.
ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നാണു പൂജാരിയെ പോക്സോ പ്രകാരം അറസ്റ്റുചെയ്തത്. പൂജാരിയുടെ മുറിയിൽ പൊലീസ് സയന്റിഫിക് വിഭാഗത്തിലെ വിദഗ്ധരെയെത്തിച്ചു തെളിവെടുപ്പുകളും പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Comment