ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് നേരത്തേ അറിയിച്ചു; തിര.കമ്മിഷന് അയച്ച കത്ത് പുറത്ത്

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നു തിരഞ്ഞെടുപ്പ് കമ്മിഷനോട് സർക്കാർ നേരത്തെ തന്നെ ആവശ്യപ്പെട്ടു. കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേയാണ് ചീഫ് സെക്രട്ടറി കത്ത് നൽകിയത്. സെപ്റ്റംബർ 4നാണ് കമ്മിഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചീഫ് സെക്രട്ടറി കത്ത് അയച്ചത് ഓഗസ്റ്റ് 21നും. ചീഫ് സെക്രട്ടറിയുടെ നിർദേശം കമ്മിഷൻ തള്ളിയ സാഹചര്യത്തിൽ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കാൻ സർക്കാർ, പ്രതിപക്ഷ കക്ഷികളുമായി അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായ ഐക്യത്തിലെത്താൻ വെള്ളിയാഴ്ച സർവകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.

കേരള നിയമസഭയുടെ കാലാവധി 2021 മേയ് 21 വരെയാണെന്നതിനാൽ പുതിയ അംഗങ്ങൾക്കു കുറച്ചു കാലമേ പ്രവർത്തിക്കാൻ അവസരം ലഭിക്കൂ എന്ന് ചീഫ് സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടനാട് മണ്ഡലത്തിൽ 1,61,860 വോട്ടർമാരും ചവറയിൽ 1,32,860 വോട്ടർമാരുമുണ്ട്. കോവിഡ് കാലത്ത് ശാരീരിക അകലം പാലിക്കുക ബുദ്ധിമുട്ടായിരിക്കും.

മൺസൂൺ കാലത്ത് കുട്ടനാട്ടിലടക്കം വെള്ളപ്പൊക്കം ഉണ്ടാകുമെന്നതിനാൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കാം. സംസ്ഥാനത്തിന്റെ പല ഭാഗത്തും കോവിഡ് കേസുകൾ വലിയതോതിൽ വർധിക്കുന്നുണ്ട്. പൊലീസ്, റവന്യൂ, ആരോഗ്യം, തദ്ദേശം തുടങ്ങിയ വകുപ്പുകൾ മാസങ്ങളായി കോവിഡ് പ്രതിരോധത്തിലാണ്. അവർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കൂടി ഈ സാഹചര്യത്തിൽ നൽകുന്നത് ഉചിതമാകില്ല. ഭീമമായ സാമ്പത്തിക ചെലവും പെരുമാറ്റച്ചട്ടം വന്നാൽ വികസനപദ്ധതികൾ തടസ്സപ്പെടുമെന്നുള്ള സംസ്ഥാനത്തിന്റെ ആശങ്കയും ചീഫ് സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് മാത്രമല്ല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൂടി മാറ്റിവയ്ക്കുകയാണെങ്കില്‍ അനുകൂലിക്കാമെന്നാണ് പ്രതിപക്ഷ നിലപാട്. എൽഡിഎഫ് ഇതിനോട് അനുകൂലമായി പ്രതികരിച്ചെന്നാണ് സൂചന. ജനുവരിയില്‍ പുതിയ ഭരണ സമിതികള്‍ അധികാരം ഏല്‍ക്കുംവിധം തിരഞ്ഞെടുപ്പ് പുനക്രഃമീകരിക്കുന്നതാണ് പരിഗണിക്കുന്നത്.

ഇതിനു നിയമസാധുത ഉണ്ടാകുമോ, സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയും സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും പരിഗണിക്കും. അതേസമയം കോവിഡ് എപ്പോള്‍ കുറയുമെന്നോ വീണ്ടും രോഗവ്യാപനം കൂടുമെന്നോ പറയാനാവില്ലെന്നും തിരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം നടത്തണമെന്നുമാണ് ബിജെപിയുടെ അഭിപ്രായം.

pathram desk 1:
Related Post
Leave a Comment