റംസിയുടെ ആത്മഹത്യ: സീരിയൽ നടിയെ വീണ്ടും ചോദ്യം ചെയ്യും; കുരുക്ക് മുറുകുന്നു

കൊല്ലം : പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്തതിൽ സീരിയല്‍ നടിയെ വീണ്ടും ചോദ്യം ചെയ്യും. റിമാന്‍ഡിലുള്ള പ്രതി ഹാരിസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനു പൊലീസ് കോടതിയെ സമീപിച്ചു. രണ്ടു സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കേസില്‍ അറസ്റ്റിലായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണു സീരിയല്‍ നടിയായ ലക്ഷ്മി പ്രമോദ്.

ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്. ഹാരിസിന്റെ സഹോദരന്റെയും ഭാര്യയുടെയും ഒപ്പം മാതാപിതാക്കളുടെയും മൊഴി വീണ്ടുമെടുക്കും. അന്വേഷണത്തിനായി കൊട്ടിയം കണ്ണനല്ലൂര്‍ സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തെ ചാത്തന്നൂര്‍ എസിപി നിയോഗിച്ചു. ഒന്‍പതംഗ സംഘത്തില്‍ രണ്ടു വനിതാ ഉദ്യോഗസ്ഥരും സൈബര്‍ വിദഗ്ധരുമുണ്ട്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനു പൊലീസ് അപേക്ഷ നല്‍കി.

ആത്മഹത്യാപ്രേരണ, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊട്ടിയം സ്വദേശിയായ റംസിയെന്ന ഇരുപത്തിനാലുകാരി കഴിഞ്ഞ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴി‍ഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരിസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി.

pathram desk 1:
Related Post
Leave a Comment