കോവിഡ് മഹാമാരി പിടിമുറുക്കുന്നതിനിടയിലും കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ
പിഎസ്‌സി വഴി കൂട്ടനിയമനം. ജൂനിയർ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിൽ 622പേർ തിങ്കളാഴ്ച കെഎസ്എഫ്ഇയുടെ സംസ്ഥാനത്തെ വിവിധ ശാഖകളിൽ ജോലിയിൽ പ്രവേശിച്ചു. ഇത്രയും അധികംപേർ ഒന്നിച്ച് കെഎസ്‌എഫ്‌ഇയിൽ ജോലിയിൽ പ്രവേശിക്കുന്നത് ആദ്യമാണ്.
ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് 662 പേർക്കാണ് നിയമന ഉത്തരവ് നൽകിയിരുന്നത്. ഇതിൽ കോവിഡ് കാലത്തെ സുരക്ഷയും യാത്രചെയ്യാനുള്ള അസൗകര്യവും കാരണം നാൽപ്പതോളംപേർ പ്രവേശനതീയതി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടു. ബാക്കിയുള്ളവർ അതത് ഓഫീസുകളിൽ ജോലിയിൽ പ്രവേശിച്ചു. ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ നിയമന ഉത്തരവ് ലഭിച്ച 110പേർ 14ന് ജോലിക്കെക്കും.
ഇതുകൂടാതെ, കെഎസ്എഫ്ഇ 297 ഒഴിവുകൾകൂടി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ നിയമന ഉത്തരവ് നൽകിയശേഷം, ജോലിയിൽ പ്രവേശിക്കാത്തവരുടെ ലിസ്റ്റുകൂടി തയ്യാറാക്കി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും. ഇതുൾപ്പെടെയുള്ളവർക്ക് വൈകാതെ നിയമനം ലഭിക്കുമെന്ന് കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം കെഎസ്എഫ്ഇയിൽ 2240പേർക്കാണ് ജോലി ലഭിച്ചത്. രണ്ടുവർഷംമുമ്പ് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അനുസരിച്ചാണ് പിഎസ്‌സി ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അഡ്വൈസ് മെമ്മോ അയച്ചത്.
പിഎസ്‌സിവഴി ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് 2016ൽ 418, 2017ൽ 200, 2018ൽ 155, 2019ൽ 81, 2020ൽ 662 ഉൾപ്പെടെ 1516 നിയമനം നൽകി. ഓഫീസ് അസിസ്റ്റന്റ് 2016ൽ 74, 2017ൽ 25, 2018ൽ 40, 2019ൽ 37, 2020ൽ 110 ഉൾപ്പെടെ 286 പേർക്ക് ജോലി നൽകി. മൊത്തം പിഎസ്‌സിവഴി 1802പേരെ നിയമിച്ചു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി പാർട് ടൈം സ്വീപ്പർ തസ്തികയിൽ 141പേർക്ക് സ്ഥിരനിയമനം നൽകിയതായും ചെയർമാൻ പറഞ്ഞു.
Leave a Comment