മുഖംമറച്ച് കൂളിങ് ഗ്ലാസ് ധരിച്ച് മോഷണം, നടത്തത്തില്‍ കുടുങ്ങി; മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

കോഴിക്കോട്: നഗരത്തിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെയും ഇയാൾക്കൊപ്പം മറ്റൊരു മോഷണത്തിൽ പങ്കാളിയായ കൂട്ടാളിയെയും പോലീസ് പിടികൂടി. കുറ്റ്യാടി സ്വദേശി അൽത്താഫ്(33) അരക്കിണർ സ്വദേശി ഷാനിൽ(25) എന്നിവരെയാണ് മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ കോഴിക്കോട് ടൗൺ പോലീസ് പിടികൂടിയത്.

രണ്ടാംഗേറ്റിന് സമീപത്തെ കട കുത്തിത്തുറന്ന് ലോട്ടറി ടിക്കറ്റുകളും പണവും മോഷ്ടിച്ച കേസിലാണ് അൽത്താഫിനായി പോലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ പതിയാതിരിക്കാൻ മുഖം മറച്ച് കൂളിങ് ഗ്ലാസ് ധരിച്ചായിരുന്നു മോഷണം. എന്നാൽ യുവാവിന്റെ നടത്തത്തിലെ ചില രീതികൾ ശ്രദ്ധിച്ച പോലീസിന് അൽത്താഫാണ് മോഷണത്തിന് പിന്നിലെന്ന സംശയമുണർന്നു. തുടർന്ന് പ്രതിയെ തിരഞ്ഞ പോലീസ് സംഘം അൽത്താഫിനെയും ഷാനിലിനെയും ഒരുമിച്ച് പിടികൂടുകയായിരുന്നു. ഇവരുടെ കൈയിൽനിന്ന് രണ്ട് എയർ പിസ്റ്റളുകളും കണ്ടെടുത്തു. കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്തെ കടയിൽനിന്നാണ് ഇവർ പിസ്റ്റളുകൾ മോഷ്ടിച്ചത്. ഇതിന് കസബ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ അജിത്ത് വർഗീസ് ഒളിവിലാണ്.

ഡി.സി.പി. സുജിത്ത് ദാസ്, സൗത്ത് എ.സി.പി. എ.ജെ. ബാബു എന്നിവരുടെ നിർദേശമനുസരിച്ച് ടൗൺ പോലീസ് ഇൻസ്പെക്ടർ എ.ഉമേഷ്, എസ്.ഐ.മാരായ കെ.ടി. ബിജിത്, വി.വി. അബ്ദുൽ സലീം, എ.എസ്.ഐ. മുഹമ്മദ് സബീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ്, അനൂജ് , മുഹമ്മദ് ഷാഫി,പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

pathram desk 1:
Related Post
Leave a Comment