മോസ്കോ റഷ്യ വികസിപ്പിച്ച കോവിഡ് വാക്സീൻ ‘സ്പുട്നിക് 5’ ഫലപ്രദമെന്ന് റിപ്പോർട്ട്. വാക്സീൻ കുത്തിവച്ചവരിൽ രോഗപ്രതിരോധ ലക്ഷണങ്ങൾ കാണിച്ചെന്ന് മെഡിക്കൽ ജേണലായ ദ് ലാൻസെറ്റിൽ റഷ്യൻ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കുത്തിവയ്പ് എടുത്തവർക്ക് പാർശ്വഫലങ്ങളുമില്ല.
കഴിഞ്ഞ മാസമാണ് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ റഷ്യ അംഗീകാരം നൽകിയത്. ലോകത്ത് കോവിഡ് വാക്സീന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമാണ് റഷ്യ. 1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് ‘സ്പുട്നിക് 5’ എന്നാണു വാക്സീന്റെ പേര്.
ജൂൺ–ജൂലൈ മാസത്തിൽ നടത്തിയ പരീക്ഷണത്തിന്റെ റിപ്പോർട്ടാണ് റഷ്യ പുറത്തുവിട്ടത്. 38 പേരിലാണ് പരീക്ഷണം നടത്തിയത്. മൂന്നാഴ്ചയ്ക്കു ശേഷം ബൂസ്റ്റർ വാക്സീനും നൽകി. 18നും 60നും ഇടയിൽ പ്രായമുള്ളവരിലായിരുന്നു പരീക്ഷണം. മൂന്നാഴ്ചകൊണ്ട് ഇവരിൽ ആന്റിബോഡി ഉൽപാദിപ്പിക്കപ്പെട്ടു. ചെറിയ രീതിയിൽ തലവേദന, സന്ധിവേദന എന്നിവ കുറച്ചു പേരിൽ അനുഭവപ്പെടുകയും ചെയ്തു. 40,000 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം.
മനുഷ്യരിലെ പരീക്ഷണത്തിന് അനുമതി നൽകി 2 മാസം തികയും മുൻപാണ് വാക്സീൻ പൊതുജനങ്ങളുടെ ഉപയോഗത്തിനു റഷ്യ നൽകിയത്. പരീക്ഷണ ഡോസ് സ്വീകരിച്ചവരിൽ തന്റെ ഒരു മകളുമുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. മതിയായ പരീക്ഷണങ്ങൾ പൂർത്തിയാക്കാതെ ഇറക്കിയ വാക്സീനെതിരെ വിദഗ്ധർ രംഗത്തെത്തിയിരുന്നെങ്കിലും റഷ്യ മുഖവിലയ്ക്കെടുത്തില്ല.
Leave a Comment