ഏത് സമയവും പ്രതിദിന ട്രെയിൻ സർവിസുകൾ പുനരാരാംഭിക്കുന്നതിന് സജ്ജമായിരിക്കാൻ ഡിവിഷനുകളോട് റെയിൽവേ ബോർഡിൻെറ നിർദേശം. ഇതേതുടർന്ന് കോച്ചുകളും സ്റ്റേഷനുകളുമെല്ലാം അണുമുക്തമാക്കി സർവിസുകൾക്കുള്ള മുന്നൊരുക്കങ്ങൾ കേരളത്തിലും ആരംഭിച്ചു.
ഏതാനും സ്പെഷൽ ട്രെയിൻ സർവിസുകളാണ് ഇപ്പോഴുള്ളത്. ആവശ്യകതക്കനുസരിച്ച് ഘട്ടംഘട്ടമായി സർവിസുകൾ ആരംഭിക്കുമെന്നാണ് വിവരം. അതേസമയം യാത്രക്കാർ തീരെയില്ലെന്നതാണ് സംസ്ഥാനത്തെ സ്ഥിതി. നിയന്ത്രണങ്ങൾ നീങ്ങിയാൽ ഏതൊക്കെ റൂട്ടുകളിൽ സർവിസ് നടത്താൻ കഴിയുമെന്നത് സംബന്ധിച്ച് ഡിവിഷനുകളോട് റെയിൽവേ ആരാഞ്ഞിരുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലെ എല്ലാ റൂട്ടുകളും സർവിസ് യോഗ്യമാക്കുന്നതിൽ പ്രയാസമുണ്ടാകില്ലെന്ന് അധികൃതർ മറുപടി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ റേക്കുകൾ അറ്റകുറ്റപ്പണി തീർത്തി സർവിസ് സജ്ജമാക്കി. ഓപറേറ്റിങ് വിഭാഗം ജീവനക്കാരെല്ലാം ഹെഡ് ക്വാർട്ടേഴ്സുകളിലുണ്ട്. തിരുവനന്തപുരം, നാഗർകോവിൽ, കൊച്ചുവേളി, എറണാകുളം, ഷൊർണൂർ എന്നിവിടങ്ങളിലെ യാർഡുകളിലാണ് ഇപ്പോൾ റേക്കുകളുള്ളത്.
ഡൽഹിയിലേക്കുള്ളതടക്കം ഏതാനും ദീർഘദൂര സർവിസുകൾ രണ്ടോ മൂന്നോദിവസം വൈകുമെന്നതൊഴിച്ചാൽ നിർദേശം ലഭിച്ചാലുടൻ മറ്റ് ട്രെയിനുകളെല്ലാം ഓടിത്തുടങ്ങാൻ സജ്ജമാണെന്നാണ് തിരുവനന്തപുരം ഡിവിഷൻെറ വിലയിരുത്തൽ. ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളിലും തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. സ്പെഷൽ സർവിസുകൾക്ക് അനുമതിയുണ്ടായിരുന്നെങ്കിലും കോവിഡ് കേസുകളുടെ തീവ്രത ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ സർവിസുകൾക്ക് തയാറായിരുന്നില്ല.
സർവിസ് അനുമതി മൂന്ന് വട്ടമാണ് തമിഴ്നാട് നീട്ടിവെച്ചത്. അതേസമയം സെപ്റ്റംബർ ഏഴുമുതൽ ഏതാനും സർവിസുകൾ ചെന്നെയിൽനിന്ന് ഓപറേറ്റ് ചെയ്യും. ചെന്നൈ-നാഗർകോവിൽ സ്പെഷലും ഇതിൽപെടും. കേരളത്തിലേക്ക് ഈ ട്രെയിൻ എത്തില്ലെങ്കിലും തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പരിധിയിലൂടെയാണ് സഞ്ചാരം.
Leave a Comment