സുശാന്തിനു വേണ്ടി ലഹരിമരുന്നു വാങ്ങിയെന്ന് ഷൊവിക്; റിയയുടെ അറസ്റ്റ് ഉടൻ?

മുംബൈ: സഹോദരൻ ഷൊവിക്ക്‌ അഴിക്കുള്ളിലായതിനു പിന്നാലെ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയ ചക്രവർത്തി ഇന്ന് അറസ്റ്റിലായേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിയയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഇന്നു ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. സുശാന്തിന്റെ മാനേജറായിരുന്ന സാമുവൻ മിറാൻഡയും അറസ്റ്റിലാണ്. മിറാൻഡയെയും ഷൊവിക്കിനെയും ഇന്ന് കോടതിയിൽ ഹാജരാകും. ഇവരുടെ അറസ്റ്റോടെ റിയയ്ക്കു ചുറ്റുമുള്ള കുരുക്കു മുറുകുകയാണ്.

സാമുവൽ മിറാൻഡയിൽനിന്ന് റിയ പറഞ്ഞിട്ട് സുശാന്തിനുവേണ്ടി ലഹരിമരുന്ന് വാങ്ങിയെന്ന് എൻസിബിയോട് ഷൊവിക് കുറ്റസമ്മതം നടത്തിയതായാണ് റിപ്പോർട്ടുകൾ. സുശാന്തിനു വേണ്ടി ഷൊവിക്കിന് ബഡ്ഡ് എന്ന ലഹരിമരുന്ന് സംഘടിപ്പിച്ചുകൊടുത്തതായി സാമുവലും എൻസിബിയോടു പറഞ്ഞിട്ടുണ്ട്. സാമുവലും ഷൊവിക്കും തമ്മിലുള്ള 12 ധനകാര്യ ഇടപാടുകളുടെ ‍ഡിജിറ്റൽ രേഖകളും എൻസിബി ശേഖരിച്ചിട്ടുണ്ട്.

റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് മുംബൈയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ഉജ്‌ജ്വൽ നിഗം ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ‘കേസിൽ ദൃക്സാക്ഷികളില്ല. സാഹചര്യത്തെളിവുകൾ വച്ചുവേണം എല്ലാം കണ്ടെത്താൻ. റിയയാണ് സുശാന്തിന് ലഹരിമരുന്ന് എത്തിച്ചുകൊടുത്തതെന്ന് ഷൊവിക്കിന്റെ മൊഴിയിൽനിന്നു വ്യക്തമാണ്. സുശാന്തിനെ ലഹരിക്ക് അടിമയാക്കിയത് റിയയാണെന്ന് ഇതിൽനിന്നു വ്യക്തമാകും. മാത്രമല്ല, സുശാന്തിന്റെ പണം ഉപയോഗിച്ചാണ് തനിക്കാവശ്യമുള്ള ലഹരിമരുന്നും കുടുംബത്തിന്റെ മറ്റാവശ്യങ്ങളും റിയ നിർവഹിച്ചതെന്നും ആരോപണം ഉണ്ട്. റിയ വന്നതിനുശേഷം കുടുംബവുമായി സുശാന്തിനെ അകറ്റിയെന്നും ആരോപണം ഉണ്ട്.’ – അദ്ദേഹം പ്രതികരിച്ചു.

• സുശാന്ത് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ ഇതുവരെ 5 പേർ അറസ്റ്റിലായി. വെള്ളിയാഴ്ച പകൽ മൂന്നുപേരെയും രാത്രിയോടെ ഷൊവിക്കിന്റെയും സാമുവൽ മിറാന്‍ഡയുടെയും അറസ്റ്റ് രേഖപ്പെടുത്തി. സാമുവലിന് ലഹരിമരുന്ന് വിതരണം ചെയ്ത സെയ്ദ് വിലാത്ര, സാമുവലിന് സെയ്ദിനെ പരിചയപ്പെടുത്തിയ ബാസിത് പരിഹാർ, ഗോവയിലെ റിസോർട്ടിൽ ഡ്രൈവറായി ജോലി നോക്കുന്ന ഫായസ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ലഹരിമരുന്ന് കേസിൽ ആകെ അറസ്റ്റിലായിരിക്കുന്നത് 7 പേരാണ്. ഇവരിൽ രണ്ടുപേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.

‌• റിയയ്ക്കു വേണ്ടി ലഹരിമരുന്നു വാങ്ങിയെന്ന് ഷൊവിക്കിന്റെ കുറ്റസമ്മതം. സാമുവലിൽനിന്ന് സുശാന്തിനുവേണ്ടി റിയ പറഞ്ഞിട്ട് ലഹരിമരുന്നു വാങ്ങിയെന്നും മൊഴി.

• ഷൊവിക്കിനെയും സാമുവലിനെയും ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. മൊബൈലിൽനിന്ന് ഇരുവരെയും ബന്ധിപ്പിക്കുന്ന ചാറ്റുകൾ കണ്ടെത്തിയതും ചോദ്യം ചെയ്തപ്പോൾ കാണിച്ചു.

pathram desk 1:
Related Post
Leave a Comment