‘വാരിയംകുന്നൻ’ വീണ്ടും വിവാദത്തിൽ

സ്വാതന്ത്ര്യ സമര പോരാളിയുടെ നിഘണ്ടുവിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് നീക്കം ചെയ്യുന്ന വിഷയത്തിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിൽ ഭിന്നത. വെബ് സൈറ്റിൽ നിന്ന് പേര് പിൻവലിച്ചതിന് പിന്നാലെ നീക്കം തടഞ്ഞ് ഐസിഎച്ച്ആർ ഡയറക്ടർ അരവിന്ദ് പി ജാംഖേദ്കർ രംഗത്തെത്തി. പ്രധാനമന്ത്രി പ്രകാശനം ചെയ്ത നിഘണ്ടുവിൽ ഭേദഗതി വരുത്താൻ ഏകപക്ഷീയമായി സാധിക്കില്ലെന്ന് അരവിന്ദ് പി ജാംഖേദ്കർ അഭിപ്രായപ്പെട്ടു.

വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ഐസിഎച്ച്ആർ ആണ് നിഘണ്ടു പ്രസിദ്ധീകരിച്ചത്. നിഘണ്ടുവിൽ നിന്ന് വാരിയംകുന്നന്റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ വിചാരകേന്ദ്രം അടക്കം രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടനകൾ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നിഘണ്ടുവിൽ നിന്ന് വാരിയംകുന്നന്റെ പേര് നീക്കം ചെയ്തു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ഐസിഎച്ച്ആർ ഡയറക്ടർ പ്രതികരിച്ച് രംഗത്തെത്തിയത്. നിഘണ്ടു പിൻവലിക്കാൻ സാധിക്കില്ലെന്ന് അരവിന്ദ് പി ജാംഖേദ്കർ വ്യക്തമാക്കി. അതിന് പ്രത്യേകം നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും നിലവിൽ അത് സാധ്യമല്ലെന്നും അദ്ദേഹം അറിയിച്ചു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പൃഥ്വിരാജ് വാരിയംകുന്നൻ ആകുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ ആഷിഖ് അബു ഉൾപ്പെടെയുള്ളവർ വലിയ സൈബർ ആക്രമണമാണ് നേരിട്ടത്.

pathram desk 1:
Related Post
Leave a Comment