കോവിഡ് പ്രതിസന്ധി: ചൈന മുതലെടുക്കുന്നുവെന്ന് യുഎസ്‌

വാഷിങ്ടണ്‍: കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൈന മുതലെടുക്കുകയാണെന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഡേവിഡ് സ്റ്റില്‍വെല്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലഡാക്ക് സംഘര്‍ഷം ഇതിനുദാഹരണമാണെന്നും യു.എസ് ഈസ്റ്റ് ഏഷ്യന്‍ പസഫിക് അസി. സെക്രട്ടറിയായ സ്റ്റില്‍വെല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സമാധാനപരമായ ചര്‍ച്ചകളിലുടെ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചൈന തയ്യാറാകണമെന്നും സ്റ്റില്‍വെല്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായ തുടര്‍ച്ചയായ പ്രകോപനത്തിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.

”വുഹാനില്‍ നിന്ന് കോവിഡ് പൊട്ടുപുറപ്പെട്ട ശേഷം ഈ സാഹചര്യത്തെ മുതലെടുക്കാന്‍ ചൈന ശ്രമിക്കുന്നതായാണ് നമ്മള്‍ കാണുന്നത്. ലഡാക്ക് സംഘര്‍ഷം ഇതിനുദാഹരമാണെന്ന് എനിക്ക് തോന്നുന്നു. സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ഇന്ത്യയുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്നാണ് ബീജിങ്ങിലുള്ള ഞങ്ങളുടെ സുഹൃത്തുക്കളോട് എനിക്ക് ആവശ്യപ്പെടാനുള്ളത്”. – ഡേവിഡ് സ്റ്റില്‍വെല്‍ പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കണാനാകുമെന്നാണ്‌ അമേരിക്കയുടെ പ്രതീക്ഷയെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രസ്താവന സ്റ്റില്‍വെല്‍ ആവര്‍ത്തിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ തന്ത്രപ്രധാന പ്രദേശത്തേക്ക് അതിക്രമിച്ച് കയറാനുള്ള ചൈനീസ് നീക്കത്തിനുപിന്നാലെയാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ബ്രിഗേഡ് കമാന്‍ഡര്‍തല ചര്‍ച്ചകളില്‍ ധാരണയായിരുന്നില്ല. ചൈനീസ് പ്രകോപനത്തെ നേരിടാന്‍ അതിര്‍ത്തിയില്‍ ഇന്ത്യയും സുസജ്ജമാണ്‌.

pathram:
Related Post
Leave a Comment