ഗൂഗിളിന്റെ പണമിടപാടിനുള്ള ആപ്പായ ജിപേ (GPay) അല്ലെങ്കില്‍ ഗൂഗിള്‍ പേ അക്കൗണ്ട് തുറക്കുന്നതിനായി ആധാര്‍ ഡേറ്റാ ബെയ്‌സിലേക്കു കടക്കുന്നില്ലെന്ന് ഗൂഗിള്‍ ഇന്ത്യാ ഡിജിറ്റല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അത്തരം വിവരങ്ങള്‍ ജിപേ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമില്ലെന്നും കമ്പനി കോടതിയില്‍ പറഞ്ഞു.
നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ആധാറിന്റെ അധികാരിയായ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയാതെ ഭീം ആധാര്‍ പ്ലാറ്റ്‌ഫോം ഗൂഗിളിനു തുറന്നു കൊടുത്തുവെന്ന ആരോപണത്തിനെതിരെ ഫയല്‍ ചെയ്ത പൊതു താത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഗൂഗിള്‍ ഇക്കാര്യം അറിയിച്ചത്.
ജിപേ ഇടപാടുകള്‍ റിസേര്‍വ് ബാങ്ക് അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിക്കാതെയാണ് നടത്തുന്നതെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐയുടെ അംഗീകാരം വേണ്ടെന്നും ഗൂഗിള്‍ അറിയിച്ചിരുന്നു. കാരണം തങ്ങള്‍ ഒരു പെയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്ററല്ലെന്നും മറിച്ച് ഒരു തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡറാണെന്നുമാണ് ഗൂഗിളിന്റെ വാദം. ഈ വിഷയത്തില്‍ അടുത്ത വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 22നാണ്.
Leave a Comment