ദക്ഷിണ ചൈനാക്കടലിലേക്ക് യുദ്ധകപ്പലയച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് രണ്ട് മാസത്തിന് ശേഷം ദക്ഷിണ ചൈനാക്കടലിലേക്ക് യുദ്ധകപ്പലയച്ച് ഇന്ത്യ. ദക്ഷിണ ചൈന കടലിലേക്ക്‌ ഒരു മുന്‍നിര യുദ്ധക്കപ്പല്‍ അയച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ ചൈനാക്കടലിന്റെ മറ്റൊരു ഭാഗത്തുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുമായി ഇന്ത്യന്‍ നാവികസേനാ കപ്പല്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ യുദ്ധ കപ്പലിന്റെ വിന്യാസം ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ-ചൈന നയതന്ത്ര ചര്‍ച്ചയില്‍ യുദ്ധക്കപ്പലിന്റെ സാന്നിധ്യം സംബന്ധിച്ച് ചൈീസ് അധികൃതര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

ചൈനീസ് സര്‍ക്കാര്‍ ഏറെ പ്രധാന്യം കല്‍പ്പിക്കുന്ന മേഖലയാണ് ദക്ഷിണ ചൈനാക്കടല്‍. ഈ മേഖലയില്‍ മറ്റൊരു രാജ്യത്തിന്റേയും യുദ്ധക്കപ്പല്‍ സാന്നിധ്യം അവര്‍ ഇഷ്ടപ്പെടുന്നില്ല. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷം കണക്കിലെടുത്ത് വ്യക്തമായ സന്ദേശം നല്‍കുകയാണ് ദക്ഷിണ ചൈനാക്കടലിലെ യുദ്ധക്കപ്പല്‍ വിന്യാസത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ മഹാസമുദ്രത്തിലും നാവികസേനയുടെ വിവിധ യുദ്ധക്കപ്പലുകള്‍ വിന്യാസിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ചൈന മറ്റു ഭൂഖണ്ഡങ്ങളിലേക്ക് കടക്കുന്ന മലാക്ക കടലിടുക്ക് മേഖലയില്‍.

pathram:
Leave a Comment