സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 100 രൂപകൂടി വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 100 രൂപകൂടി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി പെന്‍ഷന്‍ മാസംതോറും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതും, തുടക്കം കുറിക്കാനാകുന്നതുമായി കര്‍മ പദ്ധതികള്‍ പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈ സര്‍ക്കാരിന്റെ ഏറ്റവും നല്ല പ്രവര്‍ത്തി ഏതെന്ന് ചോദിച്ചാല്‍ ആദ്യം പറയാവുന്നത് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളാണ്. യുഡിഎഫ് ഭരണം ഒഴിയുമ്പോള്‍ 35 ലക്ഷം പേര്‍ക്ക് 600 രൂപ നിരക്കിലായിരുന്നു പെന്‍ഷന്‍. അതുപോലും കൃത്യമായി വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രധാന വാഗ്ദാനമായിരുന്നു സാമൂഹ്യ ക്ഷേമ പെന്‍ഷനുകളിലെ വര്‍ധന. അത് അക്ഷരംപ്രതി പാലിക്കാന്‍ കഴിഞ്ഞു.

പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1000 രൂപയായും പിന്നീട് 1200 രൂപയായും 1300 രൂപയായും വര്‍ധിപ്പിച്ചു. 35 ലക്ഷം ഗുണഭോക്താക്കള്‍ എന്നത് 58 ലക്ഷമാക്കി ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിപ്പിച്ചു. എന്നുപറഞ്ഞാല്‍ അര്‍ഹരായ 23 ലക്ഷം പേരെ പുതിയതായി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു. ഇത് ചെറിയ കാര്യമല്ല.

കുടിശികയില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യാനും കഴിയുന്നുണ്ട്. ഇപ്പോള്‍ ഈ രംഗത്ത് രണ്ട് സുപ്രധാന തീരുമാനങ്ങളാണ് എടുക്കുന്നത്. ഒന്നാമതായി സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ 100 രൂപകൂടി വര്‍ധിപ്പിക്കും. രണ്ടാമതായി ഇനി പെന്‍ഷന്‍ മാസംതോറും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു

pathram desk 1:
Related Post
Leave a Comment