കോവിഡിനിടയ്ക്ക് ഓണം – ആഘോഷിക്കാം കരുതലോടെ

എറണാകുളം:ജില്ലയിൽ കോവിഡ് കേസുകൾ പ്രതിദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാവരും വളരെയേറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോവിഡ് കേസുകൾ നൂറും കടന്ന് ഇരുനൂറും അതിനപ്പുറവും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നാം അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗ വ്യാപനം അതീവ ഗുരുതരവും, സ്ഥിതി കൂടുതൽ സങ്കീർണവും ആകാൻ സാദ്ധ്യതയുണ്ട്. ജില്ലയിൽ 28-9-20 വരെ റിപ്പോർട്ട് ചെയ്ത 5517 പോസിറ്റീവ് കേസുകളിൽ 67 % ആഗസ്റ്റ് മാസത്തിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. വരും മാസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന എല്ലാവിധ പ്രവൃത്തികളും ഒഴിവാക്കേണ്ടതാണ്. ആഗസ്റ്റ് 1 മുതൽ 28 വരെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത 3719 കോവിഡ് കേസുകളിൽ 3053 കേസുകൾ സമ്പർക്കത്തിലൂടെ പകർന്നതാണ്. അതായത് 82% ആളുകൾക്കും രോഗ പകർച്ച ഉണ്ടായിട്ടുള്ളത് സമ്പർക്കംമൂലമാണ് എന്ന് വ്യക്തം. ഈ സ്ഥിതി ഇനിയും തുടർന്നാൽ താമസിയാതെ സമ്പർക്ക രോഗികളുടെ എണ്ണം 100 % ശതമാനത്തിലെത്തി സമൂഹ വ്യാപനത്തിന് ഇടയാകുകയും മരണനിരക്ക് വർദ്ധിക്കാൻ കാരണമാവുകയും ചെയ്യും.കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമായ വാക്സിനുകൾ ഇതേ വരെ കണ്ടെത്താത്ത സാഹചര്യത്തിൽ രോഗ പ്രതിരോധശേഷി ഉണ്ടാക്കിയെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് രോഗം പിടിപെടാനും ഗുരുതരമാകാനും സാധ്യത കൂടുതലുള്ള വിഭാഗങ്ങളായ പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർക്ക് ഗുരുതര ആരോഗ്യ ഭീഷണി ഉണ്ടാകുകയും മരണം വരെ സംഭവിക്കാനും കാരണമാകുന്നതുമാണ്.

കോവിഡ് പോലുള്ള മാരകമായ പകർച്ചവ്യാധികൾ അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഏത് ആഘോഷങ്ങളായാലും മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ അത് കൂടുതൽ ഭവിഷ്യത്തുകൾക്ക് വഴിവെക്കുന്നതും നമ്മുടെ അശ്രദ്ധ കൊണ്ട് ഉറ്റവരും ഉടയവരും ബന്ധുമിത്രാദികളും സുഹൃത്തുക്കളും ഉൾപ്പെടെ വലിയൊരു വിഭാഗം സഹജീവികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതുമാണ്. കോവിഡ് മഹാമാരിയുടെ ഭീഷണി ലോകമൊട്ടാകെ പടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വാക്സിന്റെ അഭാവത്തിൽ സ്വയം പ്രതിരോധ മാർഗങ്ങൾ അവലംബിക്കുക മാത്രമേ ഇനി ചെയ്യാനുള്ളൂ. ഉത്സവങ്ങളും ആഘോഷങ്ങളും നമുക്ക് സന്തോഷം പകരുന്നതാണ് പക്ഷേ അല്പനേരത്തെ സന്തോഷവും, ആഹ്ളാദവും നൽകുന്ന ആഘോഷങ്ങളെക്കാൾ നമ്മൾ ആഗ്രഹിക്കുന്നത് ശാശ്വതമായ സമാധാനവും നല്ല ആരോഗ്യവുമാണ്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണ്.
ഓണം ഇനിയും വരും. കോവിഡ് പകച്ചർവ്യാധി മൂലമുണ്ടാകുന്ന രോഗികളും മരണങ്ങളും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും മാനസിക വിഷമങ്ങളും പ്രതിസന്ധികളും മറികടക്കാൻ കാലമേറെ കാത്തിരിക്കേണ്ടിവരും. ഓണത്തോടനുബന്ധിച്ച് ഓരോ വീട്ടിലും തയ്യാറെടുപ്പുകൾ ദ്രുതഗതിയിൽ നടക്കുന്ന സമയമാണ്. ഓണക്കോടികൾ, ഭക്ഷ്യസാമഗ്രികൾ തുടങ്ങി ഓണത്തിനാവശ്യമാ സർവ്വതും വാങ്ങുവാൻ തുണിക്കടകളിലും, പച്ചക്കറി മാർക്കറ്റിലും സൂപ്പർ മാർക്കറ്റുകളിലുമെല്ലാം ജനങ്ങൾ തിങ്ങിക്കൂടുന്ന കാഴ്ച നാം കണ്ടു കൊണ്ടിരിക്കുകയാണ്. മലയാളികളുടെ ദേശീയോത്സവമായ ഓണം വേണ്ടന്ന് വയ്ക്കാൻ നമുക്കാവില്ല പക്ഷെ കോവിഡിനെ വിളിച്ചു വരുത്തി ഓണം ആഘോഷിക്കേണ്ട സാഹചര്യം ഒരുകാരണവശാലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇതിൻ്റെ ഭാഗമായി വ്യക്തികളും കുടുംബങ്ങളും, ഉൾപ്പെടെ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവരും ചില കാര്യങ്ങൾ പ്രത്യകം ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് ഭീതി നിയന്ത്രണവിധേയമായി അകലുന്നതു വരെ ഓണവും മറ്റ് ആഘോഷങ്ങളും സ്വന്തം വീടുകളിൽ മാത്രമായി ആഘോഷിക്കുവാൻ നാം സന്നദ്ധരാവേണ്ടതാണ്. ആഘോഷങ്ങളും പരിപാടികളും ആൾക്കൂട്ടത്തെ ക്ഷണിച്ചു വരുത്തുന്നത് അത്യന്തം അപകടകരമായതിനാൽ അത് തീർത്തും ഒഴിവാക്കുക.

• ഓണാഘോഷത്തിൻ്റെ പ്രധാന ചടങ്ങളായ പൂക്കളമിടുന്നതിന് വീടുകളിൽ നിന്നുള്ള പൂക്കൾ മാത്രം ഉപയോഗിക്കുന്നതാണ് അഭികാമ്യം.
• ഓണസദ്യ വീട്ടിൽ തന്നെ തയ്യാറാക്കുക.
• ഓണക്കോടികൾ വാങ്ങുന്നത് വീടിനടുത്തുള്ള കടകളിൽ നിന്ന് വാങ്ങുവാൻ പരമാവധി ശ്രദ്ധിക്കുക.
• ഓണക്കാലത്ത് നഗരങ്ങളിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരങ്ങളിൽ പോയി തുണികളും മറ്റും വാങ്ങുന്നതും പരമാവധി ഒഴിവാക്കുക.
• ഷോപ്പിങ്ങിന് പോകുമ്പോൾ ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ, തുടങ്ങിയവരെ കൊണ്ടുപോകാതിരിക്കുക. കഴിയുന്നതും ഒരു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുക.
• കടകളിൽ ക്യൂ ഉണ്ടെങ്കിൽ അത് പാലിക്കേണ്ടതും, നിർദിഷ്ട സാമൂഹിക അകലം (2 മീറ്റർ) പാലിചച്ചു കൊണ്ട് സാധനങ്ങൾ വാങ്ങുക.
• ഷോപ്പിങ്ങിനും മറ്റും പുറത്തു പോകുമ്പോൾ ശരിയായ രീതിയിൽ മാസ്ക് ധരിക്കേണ്ടതും കൈകൾ ഇടക്കിടെ സാനിറ്റെസർ ഉപയോഗിച്ച് ശുചിയാക്കേണ്ടതുമാണ്.
• ലിഫ്റ്റ് പരമാവധി ഒഴിവാക്കി സ്റ്റെയർകെയ്സ് ഉപയോഗിക്കുക. സെറ്റയർകെയ്സ് ഉപയോഗിക്കുമ്പോൾ അതിൻ്റെ കൈവരികളിൽ തൊടരുത്.
• സാധനങ്ങൾ വാങ്ങിക്കുന്ന സമയത്തും സംസാരിക്കുന്ന സമയത്തും മുഖത്തു നിന്നും മാസ്ക് താഴേക്ക് വലിച്ചിറക്കുകയോ, മാറ്റുകയോ ചെയ്യരുത്.
• ഈ ഓണം മാതാപിതാക്കളും കുടുംബാംഗങ്ങളും മാത്രമായി ആഘോഷിക്കുക. ബസുമിത്രാദികളുടെയും, അയൽ വീടുകളും സന്ദർശിക്കുന്നതും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക.
• ചെറിയ കുട്ടികൾ, പ്രായമായവർ ,കിടപ്പിലായവർ എന്നിവരെ സന്ദർശിക്കുന്നതും അടുത്ത് ഇടപഴകുന്നതും ഒഴിവാക്കുക.
• ബദ്ധുമിത്രാദികളുമായി സൗഹൃദം പങ്കുവെയ്ക്കുന്നതിന് സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുക. ഓണക്കാലത്ത് കായിക പരിപാടികൾ , വിനോദയാത്രകൾ എന്നിവ സംഘടിപ്പിക്കുകയോ , പങ്കെടുക്കുകയോ ചെയ്യരുത്.

വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• കടകളിൽ ആൾക്കൂട്ടം ഉണ്ടാക്കുവാൻ ഇടയാക്കുന്ന വിധത്തിലുള്ള പരസ്യ പ്രചാരണങ്ങളും ഓഫറുകളും ഒഴിവാക്കേണ്ടതാണ്.
• വലിയ കടകളിൽ ഉപഭോക്താക്കളെ നിയന്ത്രിക്കുന്നതിന് സെക്യൂരിറ്റി സ്റ്റാഫിനെ ഉപയോഗിക്കേണ്ടതും, ആയത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് കടഉടമ ഉറപ്പാക്കണ്ടതുമാണ്.
• 2 മീറ്റർ അകലമിട്ട് മാർക്ക് ചെയ്ത് ക്യൂ സംവിധാനം ഏർപ്പെടുത്തേണ്ടതും, ഉപഭോക്താക്കൾ അത് പാലിക്കപ്പെടുന്നുണ്ടെന്ന് സെക്യൂരിറ്റി ജീവനക്കാർ ഉറപ്പാക്കേണ്ടതുമാണ്. ക്യൂ ലംഘിച്ചു വരുന്നവരെ കർശനമായി നിയന്ത്രിക്കേണ്ടതാണ്.
• സാധനങ്ങൾ വാങ്ങുന്ന ഭാഗം ബില്ലിങ്ങ്, ക്യാഷ്, ഡെലിവറി എന്നിവിടങ്ങളിൽ ക്യൂ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത്
• കടയ്ക്കുള്ളിൽ പ്രവേശിക്കുന്നതിന് മുൻപ് മാസ്ക് ധരിച്ചുവെന്ന് ഉറപ്പാക്കേണ്ടതും, മാസ്ക് ധരിക്കാത്തവരെ കടയിൽ പ്രവേശിപ്പിക്കുവാർ പാടില്ല.
• അവശ്യമായ എല്ലാ ഇടങ്ങളിലും സാനിക്കറ്റൻ കരുതേണ്ടതാണ്.
• എല്ലാ കടകളുടെയും മുന്നിൽ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണുന്ന രീതിയിൽ കോവിഡ് മാർഗ നിർദേശങ്ങൾ എഴുതി പ്രദർശിപ്പിക്കേണ്ടതാണ്.
• കടകളിലെ ജീവനക്കാർ മാസ്ക്കും, ഗ്ളൗസും നിർബദ്ധമായി ധരിക്കെണ്ടതും ഇടയ്ക്കിടെ സാനിറൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.
• പണമിടപാടുകൾ പരമാവധി ഓൺലൈനാക്കാൻ ശ്രമിക്കുക.

കോവിഡ് രോഗവുമായി പടപൊരുതിയും കോവിഡ് പിടിപെട്ടും ഒട്ടനവധി ആളുകൾ ആഘോഷങ്ങളൊ, ആർഭാടങ്ങളോ ഒന്നുമില്ലാതെ ചികിത്സയിൽ കഴിയുന്നുണ്ട്.അതു പോലെ ആയിരക്കണക്കിനാളുകൾ വീടുകളിലെ മറ്റ് കേന്ദ്രങ്ങളിലെയും അടച്ചിട്ട മുറികളിൽ കഴിയുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരുൾപ്പെടുന്ന ഒട്ടേറെ വിഭാഗങ്ങൾ ജില്ലയിലുണ്ട്, വീടും വീട്ടുകാരിൽ നിന്നും അകന്ന് ത്യാഗോജ്ജലമായ ജീവിതം നയിക്കുന്ന കുറേ ആളുകൾ. ഈ ഓണക്കാലത്ത് കോവിഡിൻ്റെ മാർഗനിർദേശങ്ങൾ ലംഘിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. ഇത് കോവിഡിനെതിരെ പടപൊരുതുന്ന വലിയ വിഭാഗം ജനങ്ങളോടുള്ള അനീതിയാണ്. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ഓണഘോഷങ്ങൾ നടത്തുക എന്നതാണ് ഇവരോടും, ഇവരുടെ കുടുംബാംഗങ്ങളോടും ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ മാർഗം.
മറ്റുള്ളവർക്ക് രോഗം പകരാൻ സാധ്യതയുള്ള വ്യക്തിയായി കരുതി ലോകാരോഗ്യ സംഘടനയും, സർക്കാരും ആരോഗ്യ വകുപ്പും നിർദ്ദേശിച്ചിട്ടുള്ള മുൻകരുതലുകൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ഈ ഓണം ആഘോഷിക്കുവാൻ നാമെല്ലാവരും മുൻകൈ എടുത്താൽ വരും നാളുകളിലെ ഓണം സന്തോഷത്തിൻ്റെയും, ഐശ്വര്യത്തിൻ്റെയും, സമ്പൽ സമൃദ്ധിയുടേതുമാക്കി മാറ്റുവാൻ എല്ലാവരും ത്യാഗത്തോടെയും സഹനത്തോടെയും പ്രവർത്തിക്കണമെന്ന് നിർദ്ദേശിക്കുന്നു.

pathram desk 1:
Related Post
Leave a Comment