ഞെട്ടിപ്പിക്കുന്ന ലഹരിക്കഥകള്‍ പുറത്തുവിട്ട് കങ്കണ

മുംബൈ: ബോളിവുഡിലെ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന ലഹരിക്കഥകള്‍ പുറത്തുവിട്ട് നടി കങ്കണ റണൗട്ട്. താന്‍ പ്രതിസന്ധികള്‍ നേരിട്ട കാലത്ത് ഒരു ‘സ്വഭാവ നടന്‍’ തന്നെ ലഹരിമരുന്നിന് അടിമയാക്കിയെന്ന് കങ്കണ വെളിപ്പെടുത്തി. സിനിമാ രംഗത്തേക്കു കാലെടുത്തുവച്ച ഘട്ടത്തില്‍ സ്വയം പ്രഖ്യാപിത മാര്‍ഗദര്‍ശിയായി രംഗത്തെത്തിയ ഇദ്ദേഹം പിന്നീട് ‘സ്വയം പ്രഖ്യാപിത ഭര്‍ത്താവായി’ മാറുകയായിരുന്നുവെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞു

പതിനാറാം വയസില്‍ മണാലി വിട്ട കങ്കണ ഛണ്ഡിഗഡില്‍ നടന്ന ഒരു മത്സരത്തില്‍ വിജയിച്ചു. പരിപാടി സംഘടിപ്പിച്ച ഏജന്‍സി തുടര്‍ന്ന് മുംബൈയിലേക്ക് അയച്ചു. ആദ്യദിവസങ്ങളില്‍ ഹോസ്റ്റലില്‍ കഴിഞ്ഞ ശേഷം ബന്ധുവായ ഒരു സ്ത്രീക്കൊപ്പമായി താമസം. ഈ സമയത്താണ് സ്വഭാവ നടന്‍ ബോളിവുഡില്‍ അവസരം തരപ്പെടുത്താമെന്ന വാഗ്ദാനവുമായി എത്തുന്നത്. ബന്ധുവായ സ്ത്രീയെയും പറഞ്ഞു വിശ്വാസിപ്പിച്ച് കങ്കണയ്ക്കൊപ്പം താമസമാക്കി. പിന്നീട് പാര്‍ട്ടികള്‍ക്ക് ഒപ്പം കൊണ്ടുപോയി. ഇതിനിടയിലാണ് ലഹരിമരുന്ന് നല്‍കിത്തുടങ്ങിയത്. ഇതോടെ ഇയാള്‍ കൂടുതല്‍ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് തന്റെ ഭര്‍ത്താവിനെ പോലെ പെരുമാറാന്‍ തുടങ്ങി. എതിര്‍ത്താല്‍ ചെരിപ്പ് കൊണ്ട് അടിച്ചിരുന്നുവെന്ന് കങ്കണ പറഞ്ഞു.

പിന്നീട് ദുബായില്‍നിന്ന് എത്തുന്നവര്‍ക്കു മുന്നിലേക്ക് ഈ നടന്‍ തന്നെ കൊണ്ടുപോയി തുടങ്ങിയെന്നു കങ്കണ പറഞ്ഞു. കുറച്ചു സമയം കഴിയുമ്പോള്‍ ഇയാള്‍ എഴുന്നേറ്റ് പോകും. തുടര്‍ന്ന് ദുബായില്‍നിന്നു വരുന്നവര്‍ ഫോണ്‍ നമ്പര്‍ വാങ്ങുകയും മറ്റും ചെയ്യും. ഒരു ഘട്ടത്തില്‍ ദുബായിലേക്കു കയറ്റി വിടുമെന്നു പോലും ഭയന്നു.

തുടര്‍ന്ന് 2006-ല്‍ എത്തിയ ഗ്യാങ്സ്റ്റര്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ഹിറ്റായതോടെ കങ്കണ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കങ്കണ പ്രശസ്തയാകുന്നത് ഇഷ്ടപ്പെടാത്ത നടന്‍ ലഹരിമരുന്ന് ഇഞ്ചക്ഷനുകള്‍ നല്‍കാന്‍ ആരംഭിച്ചു. പലപ്പോഴും ഷൂട്ടിങ്ങിനു പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതേക്കുറിച്ച് സംവിധായകന്‍ അനുരാഗ് ബസുവിനോടു പറഞ്ഞു. പീഡനം ഭയന്ന് പലരാത്രികളിലും ബസുവിന്റെ ഓഫിസിലാണു താമസിപ്പിച്ചതെന്നും കങ്കണ പറഞ്ഞു.

സമാനമായ രീതിയിലാവാം സുശാന്തിനെയും ലഹരിമരുന്നിന് അടിമയാക്കി ഹൃദയം തകര്‍ത്ത് മരണത്തിലേക്കു തള്ളിവിട്ടതെന്നാണ് കങ്കണ പറയുന്നത്. ലഹരിമരുന്ന് ഉപയോഗിക്കുന്ന പശ്ചാത്തലമില്ലാത്ത കുടുംബത്തില്‍നിന്നു വരുന്ന സുശാന്തിന് റിയയാവാം മരുന്നുകള്‍ എത്തിച്ചുകൊടുത്തതെന്നും കങ്കണ ആരോപിക്കുന്നു. സുശാന്തിന്റെ മരണം സംഭവിച്ച് രണ്ടു മാസം കഴിയുമ്പോള്‍ കേസില്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണം റിയയിലേക്ക് എത്തി നില്‍ക്കുകയാണ്

pathram:
Related Post
Leave a Comment