ശര്‍ക്കരയ്ക്ക് പുറമെ ഓണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ല; പിഴ ഈടാക്കണമെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ശര്‍ക്കരയ്ക്ക് പുറമെ ഓണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി. നിര്‍ദേശിച്ച ഗുണനിലവാരമോ തൂക്കമോ ഇല്ലാത്ത പപ്പടമാണ് എത്തിച്ചതെന്നും കരാറുകാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും വിജിലന്‍സ് വിഭാഗം സപ്ലൈകോയോട് ആവശ്യപ്പെട്ടു. ഇതേ കരാറുകാരന്‍ നല്‍കിയ കടലയും ഗുണനിലവാരമില്ലെന്ന് കണ്ടെത്തി തിരിച്ചയച്ചിരുന്നു.

ഓണക്കിറ്റിലേക്കു വേണ്ട എണ്‍പത്തിയൊന്ന് ലക്ഷം പപ്പട പായ്ക്കറ്റിനാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള ഹഫ്‌സര്‍ ട്രേഡിങ് കമ്പനിക്ക് സപ്ലൈകോ കരാര്‍ നല്‍കിയത്. നാലു ഡിപ്പോയിലെ കരാറെടുത്ത മലപ്പുറം എസ്‌കോ കറിപൗഡര്‍ കമ്പനിക്ക് പപ്പടം എത്തിക്കാന്‍ കഴിയാതെ വന്നതോടെ ആ കരാറും ഹഫ്‌സറിന് തന്നെ നല്‍കി. എന്നാല്‍ ഇവര്‍ വിതരണം ചെയ്ത തമിഴ്‌നാട് പപ്പടത്തിന് സപ്ലൈകോ നിര്‍ദേശിച്ച തൂക്കമോ ഗുണനിലവാരമോ ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍ മാത്രമല്ല, അരിപ്പൊടി കൂടുതലുള്ള ഇത് പപ്പടമല്ല, തമിഴ്‌നാട്ടിലെ അപ്പളമാണെന്നും ആക്ഷേപമുണ്ട്.

ഇതിന്റ അടിസ്ഥാനത്തില്‍ ഗുണനിലവാര പരിശോധനയ്ക്കായി സപ്ലൈകോ സാംപിള്‍ അയച്ചിട്ടുണ്ട്. കമ്പനിയില്‍ പിഴ ഈടാക്കണമെന്ന് വിജിലന്‍സ് ഓഫിസര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ കമ്പനി ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ വിതരണം ചെയ്ത കടലയും ഗുണനിലവാരമില്ലാത്തതിന്റ പേരില്‍ വ്യാപകമായി തിരിച്ചയച്ചിരുന്നു.

വൈക്കം ഡിപ്പോയില്‍ നിന്ന് നൂറ് ചാക്കും, കണ്ണൂരില്‍ നിന്ന് അഞ്ഞൂറും,തലശേരിയില്‍ നിന്ന് 487 ചാക്കും കോഴിക്കോട് നിന്ന് 149 ചാക്കും കൊടുവള്ളിയില്‍ നിന്ന് 473 ചാക്കും തിരിച്ചയച്ചിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്തതും, ദുര്‍ഗന്ധവും കീടങ്ങള്‍ നിറഞ്ഞതുമാണ് പല സ്റ്റോക്കുമെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. ഗുണനിലവാരമില്ലാത്തവ തുടര്‍ച്ചയായി വിതരണം ചെയ്താലും തുഛമായ പിഴ ഈടാക്കി കമ്പനികളെ രക്ഷിക്കാനാണ് സപ്ലൈകോയ്ക്കും താല്‍പര്യം.

pathram:
Related Post
Leave a Comment