സുശാന്തുമായി ബന്ധപ്പെട്ട് ഇന്നേവരെ ആരും വെളിപ്പെടുത്താത്ത വിവരങ്ങളുമായി റിയ

മുംബൈ: ഒന്നേമുക്കാല്‍ മണിക്കൂര്‍ നീളുന്ന അഭിമുഖ സംഭാഷണം ഇന്ത്യ ഈ വര്‍ഷം കണ്ട ഏറ്റവും ‘സെന്‍സേഷനല്‍’ ഇന്റര്‍വ്യൂ എന്നാണ് ഇതിനെ ദേശീയ മാധ്യമം വിശേഷിപ്പിച്ചത്. നിലവില്‍ ഇന്ത്യന്‍ രാഷ്ട്രീയ മാധ്യമ ലോകത്തെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലുള്ള റിയ ചക്രവര്‍ത്തിയുമായിട്ടായിരുന്നു ആ സംഭാഷണം. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കു നടുവിലാണ് ഈ ഇരുപത്തിയെട്ടുകാരി മനസ്സു തുറന്നത്. പുറത്തുവന്നതാകട്ടെ, സുശാന്തുമായി ബന്ധപ്പെട്ട് ഇന്നേവരെ ആരും വെളിപ്പെടുത്താത്ത വിവരങ്ങളും. അവരുടെ വാക്കുകളിലൂടെ…

ജനങ്ങളുടെയും മാധ്യമങ്ങളുടെയും വിചാരണയാണ് എനിക്കെതിരെ നടക്കുന്നത്. ‘വിച്ച് ഹണ്ട്’ എന്നാണതിന് അവര്‍ നല്‍കിയ വിശേഷണം. നാം ആരെയെങ്കിലും പ്രേമിക്കുന്നത് വലിയ കുറ്റമാവുകയാണ്. അങ്ങനെയെങ്കില്‍ പ്രേമിക്കുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യട്ടെ. എന്റെ ജീവിതം ഇങ്ങനെയായിത്തീരുമെന്നോ സുശാന്ത് ഒപ്പമില്ലെന്നോ ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഒരു ദിവസമെങ്കിലും രാവിലെ എഴുന്നേറ്റ് മാതാപിതാക്കള്‍ക്കൊപ്പം നോര്‍മലായി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കിലാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ ഞാന്‍ പോരാടും. എന്റെ ധൈര്യം തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളുമുണ്ട്. സ്വയം പ്രതിരോധിക്കാന്‍ പോലും സാധിക്കാത്ത വിധം ഇവളെ തകര്‍ക്കണമെന്നാണു പലരും കരുതുന്നത്. ഒരു നിഷ്‌കളങ്കനായ പയ്യനെ പ്രേമിച്ച നിഷ്‌കളങ്കയായ പെണ്‍കുട്ടിയാണ് ഞാന്‍. ഇതെന്റെയും കുടുംബത്തിന്റെയും ജീവിതമാണെന്ന് ആരും ഓര്‍ക്കുന്നില്ല.

ജൂണ്‍ 14നായിരുന്നു സുശാന്തിന്റെ മരണം. കുറച്ചു കാലം ഞാന്‍ നിശബ്ദയായിരുന്നു. എന്നാല്‍ സുശാന്ത് എന്റെ സ്വപ്നത്തില്‍ വന്നു പറഞ്ഞു ‘നീ സത്യം തുറന്നു പറയൂ. എന്തായിരുന്നു നമ്മുടെ ബന്ധമെന്ന് ലോകത്തോട് വിളിച്ചു പറയൂ…’ എന്ന്. 2013 ല്‍ യാഷ് രാജ് സ്റ്റുഡിയോയില്‍ വച്ചാണ് സുശാന്തിനെ ആദ്യമായി കാണുന്നത്. അന്ന് എന്റെ ആദ്യ സിനിമ ഇറങ്ങിയിരുന്നു. സുശാന്തിന്റെ ‘കൈപോചെ’ ഇറങ്ങാനിരിക്കുന്നു. ഞങ്ങള്‍ പിന്നീട് നല്ല സുഹൃത്തുക്കളായി. എല്ലാ പ്രശ്‌നങ്ങളും പരസ്പരം പങ്കുവച്ചു. വ്യത്യസ്തനായ പയ്യനായിരുന്നു സുശാന്ത്. 2019 ഏപ്രില്‍ 30ന് ഒരു പാര്‍ട്ടിക്കിടെയായിരുന്നു സുശാന്ത് ഇഷ്ടം തുറന്നു പറഞ്ഞത്. വിവാഹത്തെപ്പറ്റിയൊന്നും നിലവില്‍ ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയില്ലായിരുന്നു. പക്ഷേ ഇരുവരും ദീര്‍ഘകാല ബന്ധം ആഗ്രഹിച്ചിരുന്നു. ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യനാണ് സുശാന്ത്. എന്നെത്തന്നെയാണ് ഞാന്‍ അവനില്‍ കണ്ടത്. സൗഹൃദവും പരസ്പര വിശ്വാസവുമായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ അടിത്തറ.

2020 മേയ് മധ്യം വരെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. കൂര്‍ഗില്‍ ഒരു വീട് അന്വേഷിക്കുന്നുണ്ടായിരുന്നു സുശാന്ത്. സിനിമ മൊത്തം വിട്ടുപോകാനായിരുന്നു തീരുമാനമെന്ന് ഒരു ഘട്ടത്തില്‍ പറഞ്ഞു. ആറു മാസത്തിനിടെ ഒരു പടം ചെയ്യും, പിന്നെ മാറി നില്‍ക്കുമെന്നാണു പറഞ്ഞത്. മുംബൈയിലെ തിരക്കേറിയ ജീവിതമൊന്നും സുശാന്തിന് ഇഷ്ടമില്ലായിരുന്നു. അതിനിടെ ബൈപോളാര്‍ ഡിസോര്‍ഡറിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. ലോക്ഡൗണോടെ അതു ശക്തമായി.

സുശാന്തിന്റെ മനസ്സ് ശാന്തമാകാന്‍ സഹായിക്കുമെങ്കില്‍ കൂര്‍ഗ് യാത്ര നല്ലതാണെന്നും തോന്നിയിരുന്നു. ജൂണ്‍ 3 ന് സൈക്യാട്രിസ്റ്റിനെ വിളിച്ചു. സുശാന്ത് വീണ്ടും ഡിപ്രഷനിലേക്കു മാറുന്നു, സഹായിക്കണമെന്നാവശ്യപ്പെട്ടു. മരുന്ന് ആവശ്യമുണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്റെ വീട്ടിലേക്കു തിരികെ പോകണമെന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്നു. നിന്റെ മാനസികാവസ്ഥ ശരിയല്ലെങ്കില്‍ എന്നെ എങ്ങനെ സഹായിക്കുമെന്നായിരുന്നു ചോദ്യം. ജൂണ്‍ എട്ടിന് എനിക്കൊരു തെറപ്പിയുണ്ടായിരുന്നു. അന്ന് സഹോദരി നീതു വരുമെന്നു പറഞ്ഞു. സഹോദരി വന്നാല്‍ തിരികെ വീട്ടിലേക്കു പോകാമെന്നു പറഞ്ഞു നോക്കിയെങ്കിലും എന്നോടു വീട്ടിലേക്കു പോകാനാണ് സുശാന്ത് പറഞ്ഞത്. ഞാന്‍ തകര്‍ന്നു പോയിരുന്നു.

സുശാന്തിന്റെ വീട്ടില്‍നിന്നിറങ്ങിയപ്പോള്‍ സംവിധായകന്‍ മഹേഷ് ഭട്ടിന് അയച്ച വാട്‌സാപ് സന്ദേശങ്ങളാണ് ചോര്‍ന്നത്. ഒടുവില്‍ ഞാന്‍ വെളിച്ചത്തിലേക്ക് എത്തിയെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സുശാന്തിന് എന്തു പ്രശ്‌നമായിരുന്നോ അതേ പ്രശ്‌നത്തിലായിരുന്നു ഞാനും. എന്നിട്ടും എന്നോട് വീടു വിട്ടു പോകാന്‍ പറഞ്ഞു. അതാണ് എന്നെ ദുഃഖിപ്പിച്ചത്.

മഹേഷ് അച്ഛനെപ്പോലെയാണ്. എന്നെ ഒരു കുട്ടിയെപ്പോലെയാണു കാണുന്നത്. ഞാനെന്തു ചെയ്യുമെന്നു ചോദിച്ചു. സ്വന്തം പിതാവിനെപ്പറ്റി ആലോചിക്കൂ എന്നാണു പറഞ്ഞത്. ഞാന്‍ ഈ അവസ്ഥയിലേക്കു തകരരുത്, അടുത്ത ഘട്ടമെന്നാല്‍ ഡിപ്രഷന് മരുന്നു കഴിക്കലാണ്. അതു സംഭവിക്കരുതെന്നായിരുന്നു മഹേഷ് ഭട്ടിന്റെ ഉപദേശം. അതാണ് കാമുകനും കാമുകിയുമായുള്ള ചാറ്റായി പലരും ചിത്രീകരിച്ചത്. മഹേഷും സുശാന്തും തമ്മിലുള്ള ബന്ധവും മികച്ചതായിരുന്നു. മഹേഷുമായുള്ള ബന്ധത്തെപ്പറ്റി സുശാന്ത് ട്വീറ്റ് വരെ ചെയ്തിരുന്നു.

ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ ഇരയായിരുന്നോ സുശാന്ത് എന്ന് എനിക്കും സംശയം തോന്നിയിട്ടുണ്ട്. ‘ചിഛോരെ’ പോലൊരു ഗംഭീര സിനിമ വന്നിട്ടും അതിലെ അഭിനയത്തിന് ഒരു നോമിനേഷന്‍ പോലും സുശാന്തിന് ലഭിച്ചില്ല. സിനിമയുമായി ബന്ധപ്പെട്ട ബാക്കി എല്ലാവര്‍ക്കും അംഗീകാരം ലഭിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം പിന്നില്‍ ആരോ ഉണ്ടെന്ന് സുശാന്തിനും തോന്നിയിരുന്നു. എനിക്കും സങ്കടമുണ്ടായിരുന്നു. സുശാന്ത് പലപ്പോഴും ‘ടാര്‍ഗറ്റ്’ ചെയ്യപ്പെട്ടിരുന്നു. ബോളിവുഡില്‍ പലരോടും ഞാന്‍ സഹായിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ആരുമുണ്ടായില്ല.

2013 ലും തനിക്ക് ഡിപ്രഷന്റെ പ്രശ്‌നമുണ്ടായിരുന്നുവെന്നും സൈക്യാട്രിസ്റ്റിനെ കണ്ടെന്നും സുശാന്ത് പറയുന്നത് ഒരു യൂറോപ്യന്‍ ട്രിപ്പിലാണ്. വിമാനം പോലെ അടച്ചുപൂട്ടിയ ഇടങ്ങളെ ഭയക്കുന്ന ‘ക്ലോസ്‌ട്രോഫോബിയ’ എന്ന പ്രശ്‌നമുണ്ടായിരുന്നു സുശാന്തിന്. അതു പരിഹരിക്കാന്‍ യാത്രയ്ക്കു മുന്‍പ് മരുന്നും പതിവായിരുന്നു. പാരിസില്‍ എനിക്കൊരു ഫാഷന്‍ ഷോ ഉണ്ടായിരുന്നു. ബന്ധപ്പെട്ട കമ്പനിയാണ് വിമാന ടിക്കറ്റും താമസവും ശരിയാക്കിയത്.

എന്നാല്‍ സുശാന്ത് അതെല്ലാം കാന്‍സലാക്കി അതൊരു യൂറോപ്യന്‍ യാത്രയാക്കി പദ്ധതിയിട്ടു. ഇറ്റിലിയില്‍വച്ച് എന്റെ സഹോദരനും ഒപ്പം ചേര്‍ന്നു. സുശാന്ത് വിളിച്ചിട്ടാണ് അവന്‍ വന്നത്. സുശാന്തിനൊപ്പം ചേര്‍ന്ന് ഞങ്ങള്‍ ‘റിയാലിറ്റിക്‌സ്’ എന്നൊരു ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയും പദ്ധതിയിട്ടിരുന്നു. അതിലേക്കുള്ള ആദ്യ അക്കൗണ്ട് തുറക്കാന്‍ എന്റെയും സഹോദരന്റെയും പണം ഞാനാണു നല്‍കിയത്. മൂവരും ഒരേ തുകയാണു നിക്ഷേപിച്ചത്. ആ പണം സുശാന്താണു തന്നതെന്ന ആരോപണവും തെറ്റാണ്.

രാജകീയമായിരുന്നു സുശാന്തിന്റെ ജീവിതം. പണം ഇങ്ങനെ ചെലവാക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നു. സത്യത്തില്‍ ഞങ്ങള്‍ ദമ്പതികളെപ്പോലെയാണു കഴിഞ്ഞത്. അതിനാല്‍ത്തന്നെ ആ സമയം എനിക്കു വേണ്ടി പണം ചെലവാക്കുന്നതില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. പക്ഷേ സുശാന്തിനെ ഞാന്‍ സാമ്പത്തികമായി മുതലെടുക്കുകയായിരുന്നുവെന്നത് അംഗീകരിക്കാനാകില്ല. സുശാന്തിന്റെ പേരില്‍ ആഡംബര ബംഗ്ലാവ് വാങ്ങിയെന്നതും നുണയാണ്. ഞാനും സഹോദരനും ഉള്‍പ്പെട്ട രണ്ടു കമ്പനികളിലേക്ക് പണം വരികയോ പോവുകയോ ചെയ്തിട്ടില്ല. 12 കോടി സുശാന്തില്‍നിന്ന് റിയ വാങ്ങിയെന്നാണ് പട്‌ന പൊലീസില്‍ പിതാവിന്റെ പരാതി. ഞാന്‍ പണം എടുത്തെങ്കില്‍ ഈ 12 കോടി എവിടെയാണ്?

എന്റെ പേരിലുള്ള ഭൂമികളില്‍ ഒന്ന് ഞാന്‍ സുശാന്തിനെ കാണുന്നതിനേക്കാളും മുന്‍പ് വാങ്ങിയതാണ്. അതിലേറെയും ബാങ്ക് വായ്പയാണ്. അതിന്റെയെല്ലാം രേഖകളുണ്ട്. എന്റെയോ കുടുംബാംഗങ്ങളുടെയോ അക്കൗണ്ടിലേക്ക് ഒരു രൂപ പോലും സുശാന്തിന്റെ അക്കൗണ്ടില്‍നിന്നു വന്നിട്ടില്ല. ഒരിക്കല്‍ ഞാന്‍ 35,000 രൂപ സുശാന്തിന്റെ അക്കൗണ്ടിലേക്കിട്ടുണ്ട്. എന്റെ മെയ്ക്കപ്പിനും ഹെയര്‍ സ്‌റ്റൈലിസ്റ്റിനും കൊടുത്ത പണം ഞാന്‍ തിരികെ നല്‍കിയതാണ്. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം ആ പണം നല്‍കിയത്, പക്ഷേ അതു ശരിയാണെന്നെനിക്കു തോന്നിയില്ല. അതിനാലാണ് തിരിച്ചുകൊടുത്തത്.

സുശാന്തിന്റെ ജീവിതം ഞാന്‍ നിയന്ത്രിച്ചിരുന്നുവെന്നാണ് ഇന്ന് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പറയുന്നത്. സുശാന്തിന്റെ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് ഫെബ്രുവരിയില്‍ സഹോദരീ ഭര്‍ത്താവ് ഒ.പി.സിങ് പൊലീസിന് സന്ദേശം അയച്ചതായി പറയുന്നു. അതിനു ശേഷം ഒരിക്കല്‍ സുശാന്ത് ചണ്ഡിഗഡിലെ വീട്ടിലേക്കു പോയിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി. എന്തുകൊണ്ട് കുടുംബക്കാര്‍ അദ്ദേഹത്തെ വീട്ടില്‍ ‘സംരക്ഷിച്ചു’ നിര്‍ത്തിയില്ല? 2019 ഏപ്രിലില്‍ സഹോദരി പ്രിയങ്ക വീട്ടില്‍ വന്നിരുന്നു. മദ്യാപാനിയായിരുന്ന അവര്‍ എനിക്കിഷ്ടമില്ലാത്ത പലയിടത്തേക്കും കൊണ്ടുപോകാന്‍ ശ്രമിച്ചു. മദ്യപിച്ച് ഒരു രാത്രി എന്നെ ദുരുപയോഗം ചെയ്യാന്‍ പോലും ശ്രമിച്ചു. പിറ്റേന്ന് ഞാന്‍ ഷൂട്ടിങ്ങിനു പോയപ്പോഴാണ് സുശാന്തിന്റെ സന്ദേശം ലഭിച്ചത് പ്രിയങ്കയുമായി തര്‍ക്കമായെന്നായിരുന്നു അത്

pathram:
Related Post
Leave a Comment